മഴയെത്തിയതോടെ മഴക്കാല രോഗങ്ങളും ഇങ്ങെത്തി; ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത് ഏറെ അനിവാര്യം

മഴ വര്‍ധിച്ചതോടെ മഴക്കാല രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ ആരോഗ്യകാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആരോഗ്യ ജാഗ്രത എന്നപേരില്‍ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം ജനങ്ങളും മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.

വ്യക്തിശുചിത്വവും പരിസരശുചിത്വവും കുറയുന്നതാണ് പലപ്പോഴും അസുഖങ്ങള്‍ വരാന്‍ പ്രധാന കാരണങ്ങളിലൊന്ന്. അതിനാല്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട കാലം കൂടിയാണ് മഴക്കാലം. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ, വൈറല്‍ പനി, കോളറ, മലമ്പനി, മന്ത്, വയറിളക്ക രോഗങ്ങള്‍, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ പലതരം രോഗങ്ങള്‍ മഴക്കാലത്ത് പിടിപെടാം. കൊതുകുകളെ അകറ്റുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്താല്‍ മഴക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാം.

മഴക്കാലം പൊതുവേ കൊതുകിന്റെ കാലം കൂടിയാണ്. കെട്ടിക്കിടക്കുന്ന ജലം വ്യാപകമാകുന്നതോടെ കൊതുകുകള്‍ പെരുകുന്നു. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ മാരക രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ കൊതുകുകടിയേല്‍ക്കാതെ നോക്കേണ്ടതാണ്. വീടും പരിസരവും വൃത്തിയാക്കുകയാണ് കൊതുകിനെ അകറ്റാന്‍ ഏറ്റവും പ്രധാനം. വീടിന്റെ മുക്കും മൂലയും വൃത്തിയാക്കണം. വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കുക. മലിനജലത്തിലൂടെ പലപ്പോഴും സഞ്ചരിക്കേണ്ടി വരും. ഇത് പലപ്പോഴും എലിപ്പനി പകരുന്നതിന് കാരണമാകും. ഡയറിയ, കോളറ, തുടങ്ങിയവയും മലിന ജലത്തിലൂടെയാണ് പകരുന്നത്. അതിനാല്‍ മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നാല്‍ അതിനുശേഷം ഉടന്‍ തന്നെ പാദങ്ങളും കൈകളും ചെരുപ്പുകളും വൃത്തിയാക്കേണ്ടതാണ്. മുറിവുള്ളവര്‍ മലിന ജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. മലിനജലവുമായി ഇടപെടേണ്ടി വരുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യ പ്രതിരോധ മരുന്ന് ലഭ്യമാണ്.

അതേസമയം കൈകളിലൂടെ പലതരം രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൈകള്‍ വൃത്തിയായി കഴുകുന്നതോടെ ഭൂരിഭാഗം രോഗങ്ങളില്‍ നിന്നു രക്ഷനേടാം. യാത്രാമധ്യേയും പല സാഹചര്യങ്ങളിലും അസുഖമുള്ളവര്‍ സ്പര്‍ശിച്ചിടത്ത് സ്പര്‍ശിക്കുമ്പോഴാണ് രോഗാണുക്കള്‍ പലപ്പോഴും കൈകളിലേക്കെത്തുന്നത്. കൈകള്‍ സോപ്പിട്ട് കഴുകുക എന്നതാണ് ഈ അവസ്ഥയ്ക്കുള്ള പ്രതിവിധി. ഭക്ഷണത്തിന് മുമ്പും ശേഷവും ശൗചാലയത്തില്‍ പോയതിന് ശേഷവും ഉറപ്പായും കൈ സോപ്പുപയോഗിച്ച് കഴുകുക. മൂക്ക്, വായ, എന്നിവയിലൂടെയാണ് ശ്വാസകോശ അണുബാധകള്‍, എച്ച്1, എന്‍1, വൈറല്‍ ഫീവര്‍ മുതലായ രോഗങ്ങള്‍ പകരുന്നത്. വൃത്തിഹീനമായ കൈകളുപയോഗിച്ച് ഈ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ നിര്‍ബന്ധമായും വൃത്തിയുള്ള തൂവാല ഉപയോഗിച്ച് വായും മുഖവും മൂടേണ്ടതാണ്. തുറസായ സ്ഥലത്ത് തുപ്പാതിരിക്കുക.

അതുപോലെത്തെന്നെയാണ് മഴക്കാലങ്ങളിലെ ഭക്ഷണ ശീലങ്ങളും രോഗങ്ങളിലേയ്ക്ക് വഴി വയ്ക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടകാരികളാണ് മഴക്കാല രോഗങ്ങള്‍. വൃത്തിഹീനമായ വെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിന് മുമ്പ് കൈ നന്നായി കഴുകണം. ഭക്ഷണങ്ങള്‍ ഒരിക്കലും തുറന്നു വയ്ക്കരുത്. ഈച്ചയുടെ സാന്നിധ്യം പെരുകാനുള്ള മലിനമായ സാഹചര്യങ്ങളും ഒഴിവാക്കുക. തെരുവോരങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് ഏറെ സൂക്ഷിക്കേണ്ടതാണ്. രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. മഴക്കാല രോഗങ്ങളെല്ലാം തന്നെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. അതിനാല്‍ തന്നെ പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടനടി ചികിത്സ തേടുകയാണ് ഏറ്റവും പ്രധാനം.

Noora T Noora T :