മന്ത്രിയുടെ പിറന്നാൾ ആഘോഷമല്ലിത്… സുരേഷ്‌ഗോപിയുടെ 66-ാം പിറന്നാൾ ആഘോഷമാക്കി താരങ്ങൾ

ജൂണ്‍ എന്ന് പറയുന്നത് സുരേഷ്‌ഗോപിയുടെ ഭാഗ്യമാസമാണ്. 1958 ജൂണ്‍ 26 ന് ജനിച്ച അദ്ദേഹത്തിന് ഇന്ന് 66-ാം പിറന്നാളാണ്. എന്തായാലും ജാതകത്തിൽ പറയുംപോലെ 66-ാം വയസിൽ താരത്തിന് രാജയോഗമാണ് കൈവന്നിരിക്കുന്നതും. ഇത്തവണത്തെ പിറന്നാളിന് മാധുര്യം കൂടുതലാണ്. രണ്ട് തവണ പരാജയം ഏറ്റുവാങ്ങിയിട്ടും തളരാതെ ആ മണ്ഡലത്തില്‍ നിന്നും കേരള ചരിത്ത്രില്‍ ആദ്യമായി ഒരു പാര്‍ലമെന്റ് സീറ്റില്‍ താമര വിരിയിച്ചത് ഒരു ചെറിയ നേട്ടം അല്ല. ആരാധകരും പാർട്ടിപ്രവർത്തകരും ഉൾപ്പടെ നൂറുകണക്കിനുപേർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഇന്ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പാർലമെന്റിലായിരിക്കും പിറന്നാൾ ദിനത്തിലും അദ്ദേഹം. പിറന്നാൾ പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങൾ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘മന്ത്രിയുടെ പിറന്നാൾ ആഘോഷമല്ലിത്. അച്ഛന്റെയും അമ്മയുടെയും മകന്റെ, ഭാര്യയുടെ ഭർത്താവിന്റെ, മക്കളുടെ അച്ഛന്റെ, ബന്ധുക്കളുടെ, കലാകാരൻ എന്ന നിലയിൽ ലോകത്തിലെ എല്ലാം ഇഷ്ടക്കാരുടെ ആഘോഷമാണിത്. അത്രേയുള്ളൂ’ എന്നാണ് അദ്ദേഹം തന്റെ പിറന്നാൾ ആഘോഷത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സിനിമയിൽ നിറഞ്ഞുനിൽക്കുമ്പോഴായിരുന്നു സുരേഷ്‌ഗോപിയുടെ രാഷ്ട്രീയ പ്രവേശം.

ബിജെപിയുടെ രാജ്യസഭാ എംപിയായിരുന്നു. തൃശൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ പരാജയപ്പെട്ടുവെങ്കിലും തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സുരേഷ്‌ഗോപി ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതു, വലതുമുന്നണികളിലെ രാഷ്ട്രീയ അതികായന്മാരായ വി എസ് സുനിൽകുമാറിനെയും കെ മുരളീധരനെയും അട്ടിമറിച്ചാണ് കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി എംപിയായത്. 74686 വോട്ടുകൾക്കായിരുന്നു വിജയം. മൂന്നാം മോദി മന്ത്രിസഭയിൽ വിനാേദസഞ്ചാരം,പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രിയാണ് സുരേഷ്‌ഗോപി.

കൊല്ലത്ത് ലക്ഷ്മി ഫിലിംസ് എന്ന സിനിമാ വിതരണ കമ്പനി നടത്തിയിരുന്ന കെ ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മിയുടെയും നാലുമക്കളിൽ മൂത്തയാളാണ് സുരേഷ്‌ഗോപി. ആറാം വയസിൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.സുരേഷ് ജി നായർ എന്നായിരുന്നു യഥാർത്ഥ പേര്. സംവിധായകൻ കെ ബാലാജിയാണ് പേര് സുരേഷ്‌ഗോപി എന്നാക്കിയത്. 1987-ൽ റിലീസായ മോഹൻലാൽ ചിത്രമായ ഇരുപതാം നൂറ്റാണ്ടിലെ വില്ലൻ വേഷമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. ഷാജി കൈലാസ് – രഞ്ജി പണിക്കർ – സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം സൂപ്പർഹിറ്റുകളായതേടെ ആ മഹാനടനെ മലയാളികൾ നെഞ്ചേറ്റുകയായിരുന്നു. അതുകൊണ്ടു തന്നെ ഈ ഒരു ദിവസം ആരാധകരെ സംബന്ധിച്ചും പാർട്ടി അനുഭാവികളെ സംബന്ധിച്ചും സന്തോഷം നിറഞ്ഞ ദിവസം തന്നെയാണ്. സുരേഷ്‌ഗോപി ഇല്ലാതിരുന്നിട്ടും വീട്ടിൽ മക്കളെല്ലവരും ഒത്തുചേർന്നു. ഭാഗ്യയും ശ്രയസും രാവിലെ തന്നെ വീട്ടിലെത്തി. പ്രാർത്ഥനകളും വഴിപാടുകളുമായി രാധികയും അമ്പലത്തിൽ തന്നെയാണ്. വീട്ടിലെ പിറന്നാൾ ആഘോഷം തുടങ്ങി കഴിഞ്ഞു.

Merlin Antony :