ബാലഭാസ്‌കറിന്റെ അപകട മരണം നിര്‍ണായകമായ വഴിത്തിരിവിലേക്ക്; വിദേശ ഷോകള്‍ നടത്തുന്നവര്‍ നിരീക്ഷണത്തില്‍…

വിദേശത്തു നടക്കുന്ന സംഗീത പരിപാടികളുടെ മറവില്‍ സംസ്ഥാനത്തേക്കു വന്‍തോതില്‍ ഇക്കൂട്ടര്‍ സ്വര്‍ണം കടത്തിയെന്നാണ് നിഗമനം. തബലയുള്‍പ്പടെയുള്ള സംഗീത ഉപകരണങ്ങള്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചതായാണു കണ്ടെത്തല്‍. അവതാരക എന്ന നിലയില്‍ ശ്രദ്ധേയായ ഗായിക, റിയാലിറ്റി ഷോകളിലൂടെ താരമായ യുവ സംഗീതസംവിധായകന്‍, സ്‌റ്റേജ് ഷോകളുടെ പിന്നണിയില്‍ സജീവമായ സിനിമാ സംഘടനയിലെ പ്രമുഖന്‍ എന്നിവര്‍ നിരീക്ഷണത്തിലാണ്. സിനിമാ മേഖലയിലേക്കും അന്വേഷണം നീണ്ടേക്കും. പ്രിയ സംഗീതജ്ഞനായ ബാലഭാസ്‌കറിന്റെ അപകട മരണം വല്ലാത്തൊരു ട്വിസ്റ്റിലേക്കാണ് പോകുന്നത്. മരണം നടന്ന് 9 മാസം കഴിഞ്ഞിട്ടും പോലീസിന് യാതൊന്നും കണ്ടുപിടിക്കാനാകാതെ വന്നതോടെ അന്വേഷണം മരവിച്ച മട്ടായിരുന്നു. അപ്പോഴാണ് സ്വര്‍ണക്കടത്തുകാര്‍ പിടിയിലായത്. അതിന് പിന്നാലെ സര്‍ണക്കടത്തുകാര്‍ക്ക് ബാലഭാസ്‌കറിന്റെ മാനേജറാണെന്ന തരത്തില്‍ വാര്‍ത്ത വന്നു. എന്നാല്‍ ഭാര്യ ലക്ഷ്മി രംഗത്തുവരികയും ബാലഭാസ്‌കറിന്റെ മാനേജറല്ലെന്നും പറഞ്ഞു. അവസാനം കൂടുതല്‍ പേര്‍ രംഗത്തെത്തിയതോടെ എല്ലാം മാറിമറിഞ്ഞു.

അതേ സമയം ബാലഭാസ്‌കറിന്റെ സംഗീതപരിപാടികളുമായി സഹകരിച്ചിരുന്ന പലര്‍ക്കും സ്വര്‍ണക്കടത്തുകേസില്‍ പങ്കെന്ന് ഡി.ആര്‍.ഐയുടെ പ്രാഥമിക കണ്ടെത്തല്‍. സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്കു ബാലഭാസ്‌കറിന്റെ മരണത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നതും ക്രൈം ബ്രാഞ്ച് അന്വേഷണവിധേയമാക്കും. അതിനിടെ തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ സി.ബി.ഐ: എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.

പലരുടേയും വിദേശ യാത്രകളുടെ വിശദാംശങ്ങള്‍ ഡി.ആര്‍.ഐ. പരിശോധിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന വിദേശ സ്‌റ്റേജ് ഷോകളുടെയും ഇതില്‍ പങ്കെടുത്ത പലതാരങ്ങളുടെയും വിശദാംശങ്ങള്‍ പരിശോധിക്കും. ബാലഭാസ്‌കറിന്റെ ദീര്‍ഘകാല സുഹൃത്ത് വിഷ്ണു, ബാലഭാസ്‌കറിന്റെ സംഗീതപരിപാടികളുടെ സംഘാടകനായ പ്രകാശ് തമ്പി എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ വന്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു പിടിയിലായതോടെയാണ് വിദേശ സ്‌റ്റേജ് ഷോകളുടെ മറവില്‍ നടക്കുന്ന സ്വര്‍ണക്കടത്തിലേക്ക് ഡി.ആര്‍.ഐയുടെ അന്വേഷണം കേന്ദ്രീകരിക്കുന്നത്. വലിയ റാക്കറ്റ് തന്നെ പിന്നിലുണ്ടെന്നാണ് സംശയം.

എന്നാല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ബാലഭാസ്‌കറിന് സ്വര്‍ണക്കടത്തിനെപ്പറ്റി അറിവുണ്ടായിരുന്നുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഘാംഗങ്ങള്‍ ചതിച്ചതാണോ എന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഡി.ആര്‍.ഐ. അന്വേഷണത്തിനാവില്ല. ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പ്രകാശ് തമ്പിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍നിന്ന് നിര്‍ണായകവിവരങ്ങള്‍ ഡി.ആര്‍.ഐയ്ക്കു ലഭിച്ചിട്ടുണ്ട്.

പരിപാടികള്‍ക്കായി പലരും വിദേശത്ത് പോയിരുന്നത് സ്വര്‍ണം കടത്താന്‍ വേണ്ടിയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. പ്രകാശ് തമ്പിയായിരുന്നു ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്‍. ബാലഭാസ്‌കര്‍ ഒപ്പമുള്ളപ്പോള്‍ ഗ്രീന്‍ചാനല്‍ വഴിയായിരുന്നു തിരികെ വന്നിരുന്നത്. ഇതു മറയാക്കിയായിരുന്നു സ്വര്‍ണക്കടത്ത്. വിദേശ ഷോകള്‍ ബുക്ക് ചെയ്തിരുന്നത് പ്രകാശ് തമ്പിയാണ്. പ്രകാശ് തമ്പിയും വിഷ്ണുവും ഫോണില്‍ ബന്ധപ്പെട്ട താരങ്ങളില്‍ പലരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

Sruthi S :