കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരം നയന്‍താര തനിക്കേറ്റവും ഏറ്റവും പ്രിയപ്പെട്ട പാനീയമായ ഹിബിസ്കസ് ടി അഥവാ ചെമ്പരത്തി ചായയെ കുറിച്ച് പറഞ്ഞുകൊണ്ടുളള കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പ്രമേഹം, കൊളസ്‍ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയവയ്‍ക്ക് മികച്ച പ്രതിവിധിയാണ് ചെമ്പരത്തി ചായ എന്നും താരം കുറിച്ചിരുന്നു. കൂടാതെ ഇതുസംബന്ധിച്ച കൂടുതല്‍ അറിയാന്‍ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് മുന്‍മുന്‍ ഗനേരിവാളിനെ സമീപിക്കാം എന്ന തരത്തില്‍ ഗനേരിവാളിനെ പോസ്റ്റില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. നയന്‍താരയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ സിറിയക് എബി ഫിലിപ്സ് താരത്തിന്‍റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. 80 ലക്ഷത്തിലധികം ഫോളേവേഴ്സിനെ തെറ്റിധരിപ്പിച്ചാണ് സിനിമാതാരം നയന്‍താര പോസ്റ്റ് പങ്കുവച്ചിരിക്കുന്നതെന്നും താരത്തിന്‍റെ പോസ്റ്റില്‍ പറയുന്നതെല്ലാം തെറ്റാണെന്നുമായിരുന്നു ഡോക്ടറുടെ വാദം.
താരം പറഞ്ഞ രോഗങ്ങള്‍ പരിഹരിക്കാന്‍ ചെമ്പരത്തി ചായക്ക് കഴിയുമെന്നത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ആരോഗ്യകാര്യത്തില്‍ ഉത്തരവാദിത്ത ബോധമില്ലാതെ ഇങ്ങനെ താരങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നും ഡോക്ടര്‍ എക്സില്‍ കുറിച്ചു. ദിവസവും ചെമ്പരത്തി ചായ കുടിക്കരുതെന്നും ഡോക്ടര്‍ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. ഡോക്ടറുടെ കുറിപ്പ് വൈറലായതോടെ നയന്‍താര ആദ്യം പങ്കുവച്ച പോസ്റ്റ് നീക്കം ചെയ്തു. പിന്നീട് മണിക്കൂറുകള്‍ക്കുളളില്‍ താരം ഡോക്ടറെ പേരുപറയാതെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെമ്പരത്തിച്ചായയുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു.