‘പെർഫെക്റ്റ് മദർ ‘ ആയിട്ട് കാര്യമില്ല ‘ബീ എ ഗുഡ് ഇനഫ് മദർ’ അത്രേ വേണ്ടൂ …അതേ ആകാവൂ..!

മദേഴ്‌സ് ഡേ വരുമ്പോഴും വിമൻസ് ഡേ വരുമ്പോഴും അല്ലെങ്കിൽ അതുപോലെയുള്ള പ്രത്യേക ദിനം വരുമ്പോൾ മാത്രം തലപൊക്കുന്ന പല സോഷ്യൽ മീഡിയ പോസ്റ്റുകളും നമ്മൾ കാണാറുണ്ട് . ഇന്നലത്തെ മാതൃ ദിനത്തിലും അമ്മയെ മഹത്വവൽക്കരിച്ച് മുൻനിര നടീ നടൻമാർ വരെ കുറിപ്പുകൾ പങ്കുവച്ചിരുന്നു.

എന്നാൽ, വളരെ വ്യത്യസ്തമായി ‘അമ്മ എന്നതും ഒരു നോർമൽ വ്യക്തിയാണ്.. അവൾക്ക് വേണ്ടത് സോഷ്യൽ മീഡിയ അറ്റെൻഷൻ അല്ല, പകരം സ്വാതന്ത്ര്യമാണെന്ന് തുറന്നുകാട്ടുകയാണ് മനോരോഗ വിദഗ്ധനായ ഡോക്ടർ തോമസ് റാഹേൽ മത്തായി. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സംവിധായകൻ ജിയോ ബേബിയും തോമസ് ഡോക്ടറുടെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട് .

ഹാപ്പി മദേഴ്‌സ് ഡേ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് തുടങ്ങുന്നത്.. പൂർണ്ണമായ കുറിപ്പ് ഇങ്ങനെയാണ്….!

ഇനീപ്പോ ടൈംലൈൻ മുഴുവനും അമ്മമാർ ചെയ്ത ത്യാഗങ്ങളെയും പൊഴിച്ച കണ്ണീരിനെയും പുകഴ്ത്തി പാടുന്ന പോസ്റ്റുകളായിരിക്കും. ഒരു കാര്യം പറയട്ടേ. നമ്മുടെ പ്രബുദ്ധ കേരളത്തിൽ മിക്കവാറും സ്ത്രീകളും 25-26 വയസ്സിന് മുൻപേ അമ്മമാരാവുന്നവരാണ്. പിന്നെ അങ്ങോട്ട്, ‘എന്റെ മോൻ അല്ലെങ്കിൽ മോൾ ആണെന്റെ ലോകം’, ‘അവർക്ക് വേണ്ടിയാണ് ഇനി ഓരോ നിമിഷവും ജീവിക്കുന്നത്’ എന്ന് പ്രഖ്യാപിച്ച്, ഒരു വ്യക്തി എന്ന നിലയിൽ തങ്ങൾക്കുണ്ടായിരുന്ന സ്വപ്നങ്ങളും മോഹങ്ങളും വേണ്ടാ എന്ന് വെയ്ക്കുന്നത് ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യരുത്.

അമ്മയാവട്ടെ എന്തുമാവട്ടെ, ഓരോ വ്യക്തിക്കും സ്വതന്ത്രമായൊരു അസ്തിത്വമുണ്ട്. അവർക്ക് തനിയെ സഞ്ചരിക്കേണ്ടതായ ജീവിതപാതയുണ്ട്, കരിയറുണ്ട്, പേഴ്‌സണലായ സുഖദുഃഖങ്ങളുണ്ട്, ഇഷ്ടങ്ങളുണ്ട്, അവർക്ക് അവരുടേത് മാത്രമായ സൗഹൃദങ്ങളുണ്ട്, ലൈംഗികതയുണ്ട്. നിങ്ങളുടെ അമ്മ ആയത് കൊണ്ട് സ്വന്തം ലൈംഗികത പൂട്ടിക്കെട്ടി വെയ്ക്കണോ. ഇതെല്ലാം അവരിൽ നിന്ന് പിടിച്ച് പറിച്ച്, ബാക്കിയുള്ളവരുടെ മോഹങ്ങൾ പൂവണിയിക്കാനുള്ള വെറും ഉപകരണങ്ങൾ മാത്രമായി കാണുന്നത് അംഗീകരിക്കാനാവില്ലാ.

അല്ലെങ്കിൽ തന്നെ, ജോലിയും കൂലിയും വേണ്ടാന്ന് വച്ച്, 24 മണിക്കൂറും വീട്ടിലിരുന്ന്, ‘അയ്യോ എന്റെ മോന് എന്നാ വേണ്ടേ’, ‘എന്റെ മോള് എന്തിനാ കരയണേ’ എന്നും പറഞ്ഞ് പുറകെ നടന്ന് സ്പൂൺഫീഡ് ചെയ്യുന്നവളാണ് മികച്ച അമ്മ എന്ന് എവിടെയും പറഞ്ഞിട്ടില്ലാ. മറിച്ച്, നിങ്ങളൊരു ഗുഡ് ഇനഫ് ‘ മദർ ആയാൽ മതിയാവും.

ഡോണൾഡ് വിന്നികോട്ട് എന്ന ബ്രിട്ടീഷ് ശിശുരോഗ വിദഗ്ധനാണ് ഗുഡ് ഇനഫ് മദറിന്റെ ആശയം കൊണ്ട് വന്നത്. ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ, ആദ്യമൊക്കെ എല്ലാ ആവശ്യങ്ങൾക്കും അമ്മയെ ആവും ആശ്രയിക്കുക. ആ സമയത്ത് അമ്മ പൂർണ്ണമായും കുഞ്ഞിന് അവയ് ലബിൾ ആവാറുണ്ട്. ഉറക്കമിളച്ചും എവിടെയും പോവാതെയും, എപ്പോഴും അടുത്ത് തന്നെ ഉണ്ടാവും.

പക്ഷേ, കുഞ്ഞ് വളരുന്നതനുസരിച്ച് ഇതിന് മെല്ലെ മാറ്റം വരണം. തന്റെ എല്ലാ ആവശ്യങ്ങൾക്കും അമ്മ ഉടനടി അവൈലബിൾ ആയിരിക്കില്ലാ എന്ന് കുഞ്ഞ് മനസ്സിലാക്കണം. എങ്കിൽ മാത്രമേ കുഞ്ഞിൽ ഒരു സെൻസ് ഓഫ് ഓട്ടോണമി (autonomy) രൂപപ്പെടുകയുള്ളൂ. തന്റെ ആവശ്യങ്ങളെ എങ്ങനെ സ്വയം നേടിയെടുക്കണം എന്നതിനെ കുറിച്ച് അവൾ അല്ലങ്കിൽ അവൻ അപ്പോൾ ആലോചിച്ചു തുടങ്ങും. ഭൗതികവും മാനസികവുമായ ആവശ്യങ്ങൾ. ഇതിനർത്ഥം കുഞ്ഞിനെ ഇട്ടിട്ട് അമ്മ എവിടേലും പോണം, മൈൻഡ് ചെയ്യരുത് എന്നല്ലാ…..

എപ്പോഴും കൂടെ ഇല്ലെങ്കിൽ പോലും, കുഞ്ഞിന് ഒരു ഉറപ്പായി അമ്മയുടെ സാന്നിദ്ധ്യം ഉള്ളിലുണ്ടാവും. കൂടെയുള്ള സമയം കുഞ്ഞിന്റെ ചോദ്യങ്ങളോടും സംശയങ്ങളോടും ശരിയായ രീതിയിൽ കൃത്യമായിട്ട് പ്രതികരിക്കാൻ അമ്മയ്ക്ക് സാധിക്കണം. ചോദ്യങ്ങൾക്ക് മുൻപിൽ ഉഴപ്പിക്കളിക്കാതെ, കുഞ്ഞിനെ വഴക്ക് പറയാതെ, കാര്യകാരണസഹിതം അവന്റെ അല്ലെങ്കിൽ അവളുടെ പ്രായത്തിനനുസരിച്ച് വ്യക്തമായി പറഞ്ഞ് കൊടുക്കുക. മുതിർന്നവർ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും, കടന്ന് പോവുന്ന വികാരങ്ങളെ കുറിച്ചും അവർക്ക് ഐഡിയ ഉണ്ടാവണം. അല്ലാതെ ഒന്നുമറിയിക്കാതെ, എല്ലാം കൊടുത്തല്ലാ വളർത്തേണ്ടത്.

അങ്ങനെ വളരെ സുതാര്യമായ കമ്മ്യൂണിക്കേഷൻ ഉണ്ടെങ്കിൽ, ദൃഢമായ വൈകാരിക അറ്റാച്ച്മെന്റ് കുഞ്ഞിന് അമ്മയോട് ഉണ്ടായിരിക്കും. അപ്പോൾ പിന്നെ എപ്പോഴും കൂടെ ഇല്ലെങ്കിൽ പോലും, കുഞ്ഞ് കൂളായിട്ട് കാര്യങ്ങളെ സ്വന്തം രീതിയിൽ വിലയിരുത്താനും മനസ്സിലാക്കാനും ശ്രമിക്കും. അതവളുടെ അല്ലെങ്കിൽ അവന്റെ വ്യക്തിത്വവും കോപ്പിങ് രീതികളും നേരായിട്ട് രൂപപ്പെടാൻ സഹായിക്കും, പുറംലോകത്തെ യാഥാർത്ഥ്യങ്ങൾ എങ്ങനെ അഭിമുഖീകരിക്കണം എന്നവർ പഠിച്ച് തുടങ്ങും.

ഇനി, എപ്പോഴും അവൈലബിൾ ആയിരിക്കുന്ന ഒരു പെർഫെക്റ്റ് മദർ ആണെന്ന് വെയ്ക്കുക, ഇത് പോലെ മാനസിക വളർച്ചക്കുള്ള സ്പേസ് കുഞ്ഞിന് കിട്ടുമോ? . അതവരുടെ വ്യക്തിത്വ വികസനത്തെ പ്രതികൂലമായെ ബാധിക്കുകയുള്ളൂ. എപ്പോഴും കൂടെ ഉണ്ടായിട്ട്, ശരിയായ രീതിയിൽ പ്രതികരിക്കാനും സാധിച്ചില്ലെങ്കിൽ, അങ്ങനൊരു മദറിംഗ് കൊണ്ട് പിന്നെ ഒരു പ്രയോജനവും ഇല്ല.

പറഞ്ഞ് വന്നത്, നിങ്ങളൊരു പെർഫെക്റ്റ് ‘ മദർ ആയോണ്ട് ആർക്കും പ്രത്യേകിച്ചൊരു ഗുണവും ഇല്ലാ. ‘ബീ എ ഗുഡ് ഇനഫ് മദർ’. അമ്മ ആയാലും ജോലിക്ക് പോവണം, കരിയർ നോക്കണം, ഇഷ്ടമുള്ളതെല്ലാം ചെയ്യണം. ഇനിയൊരു ജീവിതം കിട്ടില്ലാ, മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യുന്നതിൽ റൊമാന്റിക് ആയിട്ട് ഒന്നുമില്ലാ എന്ന് മനസ്സിലാക്കണം. എല്ലാക്കാലത്തും സ്വന്തമായി വരുമാനം വേണം, സ്വന്തമായി വോയ്സ് ഉണ്ടായിരിക്കണം. അങ്ങനെ ഇൻഡിപെൻഡന്റായ സ്ത്രീകളെ കണ്ട് വളരട്ടേ കുഞ്ഞുങ്ങൾ. എന്നവസാനിക്കുന്നു കുറിപ്പ് .

about mothers day

Safana Safu :