നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിക്ക് വിചാരണ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവതയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് . സുപ്രീം കോടതി നിർദേശപ്രകാരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം പൾസർ സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് സുരക്ഷ നൽകാൻ റൂറൽ പൊലീസിനോട് കോടതി നിർദേശിച്ചു. ഇന്ന് വൈകിട്ടോടെ പൾസർ ജയിൽ മോചിതനാകുമെന്നാമ് വിവരം. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു 2017 ഫെബ്രുവരി 17-ന് നടിക്ക് നേരേ നടന്ന ക്വട്ടേഷന്‍ ആക്രമണം.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന വാര്‍ത്തയും സംഭവം ക്വട്ടേഷന്‍ നല്‍കിയതാണെന്ന കണ്ടെത്തലും ഏവരെയും നടുക്കി. കേസില്‍ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയെ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിക്ക് പള്‍സര്‍ ബൈക്കുകളോടായിരുന്നു പ്രിയം. ഇതേത്തുടര്‍ന്ന് സുഹൃത്തുക്കളാണ് ‘പള്‍സര്‍ സുനി’ എന്ന പേര് നല്‍കിയത്. ക്വട്ടേഷന്‍ സംഘാംഗമായ സുനി നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയതും ഒരു പള്‍സര്‍ ബൈക്കിലായിരുന്നു. എന്നാല്‍, കോടതിമുറിയിലേക്ക് കയറുന്നതിന് മുന്‍പ് അതിനാടകീയമായി പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. അന്നുമുതല്‍ സുനി ജയിലിലാണ്. പള്‍സര്‍ സുനിയുടെ അറസ്റ്റിന് പിന്നാലെയാണ് ദിലീപിനൊപ്പമുള്ള ഇയാളുടെ ചിത്രങ്ങള്‍ പുറത്തുവന്നത്. വൈകാതെ ആക്രമണത്തിന് പിന്നില്‍ ദിലീപിന് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ദിലീപും കേസില്‍ അറസ്റ്റിലായി. ഇതിനിടെ സുനി ജയിലില്‍നിന്ന് ദിലീപിന് അയച്ച കത്തുകള്‍ പുറത്തുവന്നതും ഏറെ ചര്‍ച്ചയായി. ഏഴരവര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി ഇപ്പോൾ ജയിലിൽ നിന്നും ഇറങ്ങുന്നത് .