പല മുഖം മൂടിയും വലിച്ച് കീറി! ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതോടെ ജാസ്മിന്റെ മാസ് നീക്കം

ബിഗ് ബോസ് മലയാളം സീസണ്‍ 6 കഴിഞ്ഞിട്ടും മത്സരാർത്ഥികള്‍ക്കെതിരായ സൈബർ ആക്രമണം ഇപ്പോഴും പല കോണുകളില്‍ നിന്നും തുടരുകയാണ്. പ്രധാനമായും ജാസ്മിനെതിരായാണ് ഇത്തരം ആക്രമണം കൂടുതല്‍ ശക്തം. ഷോയിൽ മൂന്നാം സ്ഥാനമാണ് ജാസ്മിന് നേടാനായത്. സീസൺ 6 ൽ പുറത്ത് പിആർ ഉണ്ടെന്ന ആരോപണം ഉയർന്ന മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു ജാസ്മിൻ. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ റെസ്മിനടക്കം ഇത്തരത്തിലൊരു സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അത്തരത്തിൽ പിആർ ഉണ്ടായിരുന്നെങ്കിൽ മറ്റ് മത്സരാർത്ഥികളുടേത് പോലെ ജാസ്മിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി താരത്തെ പിന്തുണയ്ക്കുന്ന വീഡിയോകളും പോസ്റ്റുകളുമെല്ലാം ഉണ്ടാകില്ലേയെന്നായിരുന്നു ജാസ്മിനെ പിന്തുണയ്ക്കുന്നവർ ചോദിച്ചത്. ബിഗ് ബോസ് ഹൗസിലേക്ക് കയറുമ്പോൾ ഉള്ള ഇൻട്രോ വീഡിയോയും മറ്റ് രണ്ട് പോസ്റ്റും മാത്രമായിരുന്നു ജാസ്മിന്റെ അക്കൗണ്ടിൽ ഇതുവരെ ഉണ്ടായിരുന്നത്.


ഫിനാലേയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോഴും ഒരു സ്റ്റോറിയോ വീഡിയോയോ ഒന്നും തന്നെ ജാസ്മിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ അക്കൗണ്ട് തന്റെ കൈയ്യിൽ ഇല്ലായിരുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ. മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് കൊണ്ട് പങ്കിട്ട വീഡിയോയിലാണ് ജാസ്മിൻ ഇക്കാര്യം പറയുന്നത്. അക്കൗണ്ട് താൻ തിരിച്ചുപിടിച്ചെന്നും ഇതുപോലെ പലതും തിരിച്ചുപിടിക്കുമെന്നും ജാസ്മിൻ വീഡിയോയിൽ പറഞ്ഞു.

‘ഫിനാലെ കഴിഞ്ഞു, എനിക്കൊരു സ്റ്റോറി പോലും ഇടാൻ പറ്റിയിരുന്നില്ല. കാരണം എന്റെ അക്കൗണ്ട് എന്റെ കൈയ്യിൽ ഇല്ലായിരുന്നു. ഓരോന്നും ഞാൻ തിരിച്ചുപിടിക്കുന്നതേ ഉള്ളൂ. എല്ലാം തിരിച്ചുപിടിക്കും. ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അത് പറയാൻ പറ്റാത്തതിന്റെ ഒരു വിഷമം എനിക്കുണ്ടായിരുന്നു. എല്ലാ അപ്ഡേറ്റുകളുമായി ഞാൻ വരാം. ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ഞാൻ വരുന്നതായിരിക്കും. ബാക്കി നമ്മുക്ക് കണ്ടറിയാം’, ജാസ്മിൻ വീഡിയോയിൽ പറഞ്ഞു. അതേസമയം പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് കൊണ്ടുള്ള വീഡിയോ ആയതിനാൽ തന്നെ എന്താണ് സംഭവിച്ചത് എന്ന ചോദ്യം ഉയർത്തുകയാണ് ആരാധകർ.

അതേസമയം ഷോയിലേക്ക് പോകും മുമ്പ് അഫ്സൽ അമീർ‌‍ എന്ന വ്യക്തിയുമായി ജാസ്മിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ചെന്നൈയിലേക്ക് പോകാൻ വിമാനത്താവളം വരെയും അഫ്സൽ ജാസ്മിനൊപ്പമുണ്ടായിരുന്നു. പെട്ടി പാക്ക് ചെയ്യുമ്പോൾ പോലും അഫ്സൽ ജാസ്മിനൊപ്പമുണ്ടായിരുന്നു. എന്നാൽ ഹൗസിൽ കയറി രണ്ട് ദിവസം പിന്നിട്ടപ്പോൾ മുതൽ ​ഗബ്രിയുമായി ജാസ്മിൻ അടുത്തു. മാത്രമല്ല തന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്ന കാര്യം ജാസ്മിൻ മറച്ച് പിടിച്ച് ​ഗബ്രിയുമായി അടുത്തിടപഴകി. ഇതെല്ലം കണ്ട് മനസിലാക്കിയ അഫ്സൽ അടുത്തിടെ താൻ വിവാ​ഹത്തിൽ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചു. ജാസ്മിന്റെ സോഷ്യൽമീഡിയ അക്കൗണ്ട് താരം ബി​ഗ് ബോസിലേക്ക് പോയപ്പോൾ മുതൽ അഫ്സലായിരുന്നു ഹാന്റിൽ ചെയ്തിരുന്നത്. എന്നാൽ തിരികെ എത്തിയശേഷം അക്കൗണ്ട് തിരിച്ച് പിടിക്കാൻ സാധിക്കാത്തതിനാൽ അഫ്സലിന്റെ പേരിൽ ജാസ്മിൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും ശേഷം പോലീസ് അഫ്സലിനെ വിളിച്ച് വരുത്തിയപ്പോഴാണ് അക്കൗണ്ട് ജാസ്മിന് തിരിച്ച് കിട്ടിയതെന്നും കഴിഞ്ഞ ദിവസം മുതൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

Merlin Antony :