നിസ്സഹായയായിപ്പോയ ഒരു മനുഷ്യന്റെ ഉള്ളു പിടഞ്ഞ നിലവിളി… കേരളം ലജ്ജിക്കുന്നു തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കെഎസ്ഇബി നോര്‍ത്ത് പറവൂര്‍ ശാന്തിവനത്തിലെ മരത്തിന്റെ ശിഖരം മുറിച്ചതില്‍ പ്രതിഷേധിച്ച് മുടിമുറിച്ച മീനാ മേനോന് പിന്തുണ അറിയിച്ച് അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസ്. മീനാ മേനോന്‍ മുടി മുറിക്കുന്ന വീഡിയോ സ്വന്തം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചായിരുന്നു രഞ്ജിനി പിന്തുണ അറിയിച്ചത്. നിസ്സഹായയായിപ്പോയ മനുഷ്യന്റെ ഉള്ളുപിടഞ്ഞ നിലവിളിയാണിത്. അവരുടെ ഹൃദയവേദനയില്‍ കേരളം ലജ്ജിക്കുന്നുവെന്നും രഞ്ജിനി ഫേസ് ബുക്കില്‍ കുറിച്ചു. മാനവികതയുടെ പക്ഷത്താണെന്ന് തള്ളുന്ന, അധികാരം കൊണ്ട് കണ്ണ് കാണാതായിപ്പോയ ഇരുകാലികള്‍ക്കുമായി അവരുടെ വീഡിയോ സമര്‍പ്പിക്കുന്നുവെന്നും രജ്ഞിനിയുടെ കുറിപ്പില്‍ പറയുന്നുണ്ട്.

മീന മേനോന്‍ മുടി മുറിക്കുന്ന വീഡിയോ ഷെയര്‍ ചെയ്താണ് രഞ്ജിനി പോസ്റ്റിട്ടത്. ശാപം..വല്ലാത്ത വേദന..മഹാപാപം..അവരുടെ ഹൃദയവേദന, കേരളം ലജ്ജിക്കുന്നുവെന്നും രഞ്ജിനി പറയുന്നു.

രഞ്ജിനി ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ…

ശാന്തിവനത്തില്‍ വീണ്ടും മരം മുറിച്ചതിനെ തുടര്‍ന്ന് ഉടമ മീന മേനോന്‍ മുടി മുറിച്ച് പ്രതിഷേധിക്കുന്നു. നിസ്സഹായയായിപ്പോയ ഒരു മനുഷ്യന്റെ ഉള്ളു പിടഞ്ഞ നിലവിളി… ശാപം..വല്ലാത്ത വേദന..മഹാപാപം..അവരുടെ ഹൃദയവേദന കേരളം ലജ്ജിക്കുന്നു.. അവര്‍ പറയുന്നത് കേട്ടുനോക്കൂ..ഇനിയും മാനവികതയുടെ പക്ഷത്താണെന്ന് തള്ളുന്ന അധികാരം കൊണ്ട് കണ്ണു കാണാതായിപ്പോയ ഇരുകാലികള്‍ക്കു സമര്‍പ്പണം…-രഞ്ജിനി പറഞ്ഞു.ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ കെഎസ്ഇബി മുറിച്ചിരുന്നു. ഇതിനെതിരെയാണ് ഉടമ മീന മേനോന്‍ തന്റെ മുടി മുറിച്ചു പ്രതിഷേധിച്ചത്. മന്നത്തു നിന്നു ചെറായിലേക്ക് 11 കെവി വൈദ്യുതി ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനത്തില്‍ ടവര്‍ സ്ഥാപിച്ചിട്ടുണ്ട്. വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

8 മരങ്ങളുടെ മുകള്‍ഭാഗത്തെ ശിഖരങ്ങള്‍ കൂടി മുറിക്കുന്നതിനായി ഇന്നലെ രാവിലെ പൊലീസിന്റെ സഹായത്തോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ശാന്തിവനത്തില്‍ എത്തി. എഐവൈഎഫിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ തിരിച്ചുപോയി. ഉച്ചയ്ക്കുശേഷം കൂടുതല്‍ പൊലീസുമായെത്തി മുറിച്ചുനീക്കുകയായിരുന്നു. കാവുകളിലെ മരം മുറിക്കുന്നതു ഭൂമിയുടെ മുടി മുറിക്കുന്നതിനു തുല്യമാണെന്നും സര്‍ക്കാര്‍ പച്ചത്തുരുത്തു പദ്ധതി മുന്നോട്ടുവയ്ക്കുകയും അതേസമയം ഇരുന്നൂറില്‍പരം വര്‍ഷം പഴക്കമുള്ള കാവുകള്‍ നശിപ്പിക്കുകയും ചെയ്യുന്നതു പ്രഹസനമാണെന്നും പറഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും മുന്നില്‍ മീന തന്റെ മുടി മുറിച്ചത്.

Sruthi S :