നിപ കാലം സിനിമയിൽ കണ്ടപ്പോൾ ; ഓർക്കാൻ കൂട പറ്റാത്ത നാളുകൾ ; ഡോക്ടർ പറയുന്നു

കേരളക്കരയെ ഒന്നടങ്കം ഒരു കാലത്ത് ഭീതിയിലാക്കിയ ഒന്നാണ് നിപ. ഒരു മഹാരോഗത്തെ പോലെ പടർന്നു വന്നു എല്ലാരെയും ഭീതിയിലാഴ്ത്തുകയും പിന്നീട് അതിനെ സംസ്ഥാനം ഒന്നിച്ച് ഒറ്റകെട്ടായി നേരിടുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ഇറക്കിയ സിനിമയാണ് വൈറസ്. കേരള ജനതയുടെ ചിത്രമാണിത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. റിലീസായി കുറച്ചു നാളുകൾക്കുളിൽ തന്നെ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത് . സൂക്ഷിച്ചു നോക്കുകയാണെങ്കിൽ ഇതിൽ ഓരോരുത്തരും നമ്മിൽ പലരെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

അനേകം ‘റിയൽ ലൈഫ് ഹീറോകളെയാണ്’ ചിത്രത്തിലൂടെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് . ആ കൂട്ടത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് പാർവ്വതി തിരുവോത്ത് അവതരിപ്പിച്ച ഡോ.അന്നു. കാലിക്കറ്റ് മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥിയായ ഡോ. സീതു പൊന്നു തമ്പിയാണ് യഥാർത്ഥ ജീവിതത്തിലെ അന്നു.

നിപ കാലത്ത് കടന്നുപോയ ഭീതിയുടെ നാളുകളെ കുറിച്ചും നിപ്പ സെല്ലിലെ പ്രവർത്തനങ്ങളെ കുറിച്ചും ജീവിതം സ്ക്രീനിൽ കണ്ട അനുഭവത്തെ കുറിച്ചുമൊക്കെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡോ. സീതു പൊന്നു തമ്പി തുറന്നു പറയുന്നു .

“നിപ്പ സമയത്ത് കാലിക്കറ്റ് മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ സെക്കൻഡ് ഇയർ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിനി ആയിരുന്നു ഞാൻ. അന്ന്, കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ ഞങ്ങളെയെല്ലാവരെയും നിപ്പ സെല്ലിൽ പോസ്റ്റ് ചെയ്തിരുന്നു. ഓരോരുത്തർക്കും ഓരോ തരം ജോലിയായിരുന്നു നൽകിയിരുന്നത്. FAQ തയ്യാറാക്കുക എന്നതായിരുന്നു എന്റെ ഡ്യൂട്ടി. നിപയെ കുറിച്ചുള്ള സംശയങ്ങളുമായി കാൾ സെന്ററിൽ വരുന്ന കോളുകൾക്ക് മറുപടിയെന്നവണ്ണം FAQ തയ്യാറാക്കുക- അതായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്,” നിപ കാലം ഓർത്തെടുത്തു ഡോ. സീതു പറഞ്ഞു തുടങ്ങി.

ഡോ. സീതുവിന്റെ ഭർത്താവ് ഡോ. ബിജിൻ ഇക്ര ഹോസ്‌പിറ്റലിലെ ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായിരുന്നു. സിസ്റ്റർ ലിനി അടക്കമുള്ള മൂന്നു നിപ രോഗികള്‍ ആദ്യമെത്തുന്നത് ഇക്രയിലാണ്. ആ സമയത്ത് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ദേഹം മൂന്നു പേരെയും ശ്രുശ്രൂഷിക്കുകയും ചെയ്തിരുന്നു. അവിടെ നിന്നുമാണ് പിന്നീട് ബേബി മെമ്മോറിയലിലേക്കും മെഡിക്കൽ കോളേജിലേക്കുമൊക്കെ രോഗികളെ മാറ്റിയത്.

“ജോലി കഴിഞ്ഞു വരുമ്പോൾ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ, വളരെ ചെറുപ്പക്കാരനായ ഒരു പേഷ്യന്റ് വന്ന കാര്യവും സംസാരിച്ചു. 22 വയസ്സു മാത്രമുള്ള ഒരു പയ്യൻ, പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നു, കണ്ടപ്പോൾ വിഷമം തോന്നി എന്നൊക്കെ പറഞ്ഞു. പിന്നീടാണ് നിപയാണ് രോഗമെന്ന് നിർണയിക്കുന്നതും ആ വന്ന മൂന്നു കേസുകളും നിപ്പയാണെന്ന് അറിയുന്നതും. അപ്പോഴേക്കും ഞങ്ങളാകെ ഷോക്ക് ആയി. ഭർത്താവും അതിൽ ഉൾപ്പെട്ടതുകൊണ്ട് എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു,” സീതു പറഞ്ഞു.

“അതിനിടയിൽ നിപ്പ ബാധിച്ചവർ മരിക്കുന്നു. അതോടെ ഭീതി കൂടി, മൂന്നു പേഷ്യൻസിനെയും ഒരു പ്രൊട്ടക്ഷനുമില്ലാതെ ചികിത്സിച്ചതുകൊണ്ട് ഭർത്താവിന് രോഗസാധ്യത കൂടുതലായിരുന്നു, മരണം ഉറപ്പിച്ചിരിക്കുകയായിരുന്നു ഞങ്ങൾ,” ഭീതിയുടെ നാളുകൾ സീതു ഓർക്കുന്നു.

“കുട്ടികളെ കുറിച്ചായിരുന്നു ടെൻഷൻ. ഹോസ്‌പിറ്റലിൽ നിന്നും വരുമ്പോൾ കുട്ടികൾ ഓടി വന്ന് ശരീരത്തിലൊക്കെ ചാടി കയറും, ഫോൺ എടുത്തു കളിക്കും. അതു കൊണ്ട് നിപ സ്ഥിതീകരിച്ചപ്പോൾ തന്നെ മക്കളെ കോടഞ്ചേരിയിലുള്ള എന്റെ പാരന്റ്സിന്റെ അടുത്താക്കി. ഇനി ഞങ്ങൾ രണ്ടു പേരും മാത്രമല്ലേ ഉള്ളൂ, എന്തു വന്നാലും കുഴപ്പമില്ല എന്നു വിചാരിച്ചു.”

ഇരുപത്തിയൊന്നു വരെയുള്ള ‘ഇന്‍ക്യുബേഷന്‍ പിരീഡ്’ ടെൻഷനോടെയാണ് അവര്‍ തള്ളി നീക്കിയത്. അൽപ്പം ആൻക്സൈറ്റി കൂടുതലുള്ളതു കൊണ്ട് ചുമയുണ്ടോ തൊണ്ടവേദനയുണ്ടോ എന്നൊക്കെ ചോദിച്ച് താൻ ഭർത്താവിന് പിന്നാലെ നടക്കുമായിരുന്നു എന്നും ഡോ. സീതു ഓര്‍ത്തെടുത്തു.

“ഓരോ ദിവസവും കലണ്ടറിൽ വെട്ടി കളയും. അതിനിടയിൽ ഭർത്താവിനൊപ്പം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഡോക്ടർ സുഹൃത്തിന് നിപയുടെ ലക്ഷണങ്ങൾ സംശയിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. അതു വരെ സംഭരിച്ച ധൈര്യം ഒക്കെ വീണ്ടും ചോർന്നു. ടെൻഷനിന്റെ പാരമ്യം അതായിരുന്നു ആ മാനസികാവസ്ഥ. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മക്കളെ നോക്കണം എന്നൊക്കെ ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞു. എല്ലാവരും പ്രാർത്ഥനയിലായിരുന്നു.”

nipah-virus-doctor-reveals

Noora T Noora T :