വിദേശ ജീവിതവും വിദേശ വാസവും സുപരിചിതമായ ഭർത്താവ് നവനീത് ഗിരീഷിനൊപ്പം ജയറാമിന്റെയും പാർവതിയുടെയും പുത്രി മാളവിക ജയറാം വിവാഹശേഷം കടൽകടന്നിരിക്കുകയാണ്. ഇവിടെ എത്തിയ ശേഷം മാളവികയുടെ ഇൻസ്റ്റഗ്രാം ഫീഡിൽ അത്രകണ്ട് വിശേഷം പറയലൊന്നുമില്ല. ഇടയ്ക്കെപ്പോഴോ ഇവിടുത്തെ റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ മാളവിക പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഭർത്താവിനൊപ്പം വിദേശത്ത് സെറ്റിൽഡായതോടെ ഗൃഹാതുരത്വം മാളവികയെ പിടികൂടി തുടങ്ങി. നല്ല നാടൻ ഭക്ഷണം കഴിക്കാൻ കൊതിച്ചിരിക്കുകയാണ് മാളവിക. എന്നാൽ യുകെയിൽ അതിന് പറ്റിയൊരു ഇടം കണ്ടെത്താൻ മാളവികയ്ക്ക് സാധിച്ചിട്ടില്ല. അത് തന്നെയാണ് ഭർത്താവിനൊപ്പം കടൽ കടന്ന മാളവിക ജയറാം നേരിടുന്ന പുതിയ പ്രശ്നവും.
വർഷങ്ങളായി യുകെയിൽ താമസിക്കുന്നതിനാൽ നവനീതിന് ഇതൊക്കെ ശീലമായിട്ടുണ്ടാകും. എന്നാൽ മാളവികയ്ക്ക് പാശ്ചാത്യ ഭക്ഷണ രീതിയും രുചിയും വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ മടുത്തുവെന്നാണ് താരത്തിന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. മാഞ്ചെസ്റ്ററിൽ ഒരു നല്ല സൗത്ത് ഇന്ത്യൻ ക്‌ളൗഡ് കിച്ചനോ റെസ്റ്റോറന്റോ ഉണ്ടെങ്കിൽ നിർദേശിക്കൂ എന്നാണ് മാളവിക മാഞ്ചസ്റ്ററിലെ മലയാളികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രസമുള്ള നാടൻ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം താരപുത്രിക്ക് അതിയായി ഉള്ളതായി മാളവികയുടെ കുറിപ്പിൽ വ്യക്തമാണ്. തനിക്ക് വേണ്ടി മാത്രമല്ല ഭർത്താവ് നവനീതിനും കൂടി വേണ്ടിയാണ് മാളവികയുടെ പോസ്റ്റെന്നും കുറിപ്പിൽ വ്യക്തമാണ്. കാരണം രണ്ട് പേരുടെയും പേരിന്റെ ആദ്യാക്ഷരം ചേർത്തുവെച്ചാണ് മാളവിക പോസ്റ്റ് ഇട്ടിട്ടുള്ളത്.
മാഞ്ചസ്റ്ററിൽ എത്തിയശേഷം പുതിയ സോഷ്യൽമീഡിയ പോസ്റ്റുകളൊന്നും മാളവിക പങ്കിട്ടിട്ടില്ലെങ്കിലും ഇടയ്ക്കിടെ ഭർത്താവിനൊപ്പമുള്ള ഡേറ്റിങിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി മാളവിക പങ്കിടാറുണ്ട്. അഭിയനക്കളരിയിലും മാളവിക പങ്കെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മാളവികയ്ക്ക് നാല് ലക്ഷം ഫോളോവേഴ്സുണ്ട്. ഒരു വര്‍ഷം മുമ്പ് മായം സെയ്ത് പോവെ എന്ന തമിഴ് മ്യൂസിക് വീഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. നടന്‍ അശോക് സെല്‍വനാണ് ഈ മ്യൂസിക് വീഡിയോയില്‍ മാളവികയുടെ ജോഡിയായി എത്തിയത്. കുടുംബജീവിതത്തിലേക്ക് കടന്നതിനാൽ ഇനി താരപുത്രി അഭിനയത്തിലേക്ക് മടങ്ങി വരുമോയെന്നതിൽ സംശയമാണ്.
ഇക്കഴിഞ്ഞ മെയ്യിലായിരുന്നു താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹം. ഒരാഴ്ചയോളം നീണ്ട വിവാഹ ആഘോഷങ്ങളുടെ വീഡിയോകളും ഫോട്ടോകളുമെല്ലാം വൈറലായിരുന്നു. ഗുരുവായൂർ കണ്ണന് മുമ്പിൽ വെച്ചായിരുന്നു താലികെട്ട്. ശേഷം കേരളത്തിൽ പലയിടങ്ങളിലായും ചെന്നൈയിലുമായി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി റിസപ്ഷനും പാർട്ടിയും ഒരുക്കി. രാജകീയമായ വിവാഹത്തിൽ പങ്കെടുക്കാൻ സൗത്ത് ഇന്ത്യൻ സിനിമാലോകം മുഴുവൻ ഒഴുകിയെത്തിയിരുന്നു. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയെ വിവാഹം ചെയ്തത്. നവനീത് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്. വിവാഹശേഷം മാളവികയേയും കൂട്ടിയാണ് നവനീത് യുകെയിലേക്ക് പറന്നത്.
മാളവികയുടെ ഉന്നത വിദ്യാഭാസ്യം വിദേശത്തായിരുന്നുവെങ്കിലും കുട്ടിക്കാലവും കൗമാരവുമെല്ലാം ചെന്നൈയിലായിരുന്നു. അതുകൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ ഭക്ഷണത്തോടും ജീവിത രീതിയോടുമെല്ലാം വല്ലാത്ത പ്രിയമാണ് ചക്കിക്ക്. അച്ഛൻ ജയറാമിനെപ്പോലെ തന്നെ ഒരു ആനപ്രേമി കൂടിയാണ് മാളവിക. കേരളത്തിലെത്തിയാൽ ആനയെ കണ്ടിട്ട് മാത്രമെ ചക്കി മടങ്ങാറുള്ളു. അതിനായി താൻ വാശിപിടിച്ച് കരയാറുണ്ടായിരുന്നുവെന്നും അച്ഛനും ആനപ്രേമിയായതുകൊണ്ട് ആഗ്രഹം അതിവേഗത്തിൽ നടക്കുമായിരുന്നുവെന്നും മാളവിക മുമ്പ് പറഞ്ഞിട്ടുണ്ട്.