നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സോഫി തോമസിൻ്റെ ബെഞ്ചാണ് സർക്കാരിൻ്റെ ഹർജിയിൽ വിധി പറയുക. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചു. ഇക്കാര്യങ്ങൾ വിലയിരുത്താതെയാണ് വിചാരണക്കോടതി ആവശ്യം നിരാകരിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം.

കേസിലെ വിചാരണ ഏത് ഘട്ടത്തിലാണെന്ന് അപ്പീൽ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സോഫി തോമസ് ആരാഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ എതിർവിസ്താരമാണ് നടക്കുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. എല്ലാ കക്ഷികളുടെയും വാദം പൂർത്തിയാക്കിയ കോടതി, ഹർജി വിധി പറയാൻ മാറ്റുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്താൻ ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് ദിലീപ് ക്വട്ടേഷൻ നൽകിയെന്നാണ് കേസ്.

കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസത്തോളം റിമാന്‍ഡില്‍ കഴിയേണ്ടി വരികയും ചെയ്തിരുന്നു. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ കേസിലെ നിരവധി സാക്ഷികള്‍ മൊഴിമാറ്റിയിരുന്നു. ഇതിന് പിന്നില്‍ ദിലീപാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ചില സുപ്രധാന തെളിവുകളും അന്വേഷണ സംഘം കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് അപ്പീൽ നൽകുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് കൈമാറേണ്ടത്. നടിയുടെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. പകര്‍പ്പ് വേണമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുവെങ്കിലും അതിജീവിതയുടെ ആവശ്യം എറണാകുളം സെഷന്‍സ് കോടതി നേരത്തെ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Merlin Antony :