തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും ഭഗവാനു സമർപ്പിച്ചു! ഭാര്യ രാധികയും മകൻ ഗോകുലും ഒപ്പം! മാധ്യമങ്ങളോടു ഒന്നും മിണ്ടാതെ സുരേഷ്‌ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു തലേന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തി ഏറ്റുമാനൂരപ്പനെ തൊഴുതും വഴിപാടുകൾ അർപ്പിച്ചും നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി. രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും ഭഗവാനു സമർപ്പിച്ചു. ഭാര്യ രാധികയും മകൻ ഗോകുലും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നത് ദേവസ്വവും പൊലീസും വിലക്കി. ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ചുകൊണ്ട് ക്യൂ നിന്നാണ് അദ്ദേഹം ദർശനം നടത്തിയത്. ഏറ്റുമാനൂർ നഗരസഭ കൗൺസിലർ ഉഷ സുരേഷ് അഞ്ച് വർഷങ്ങൾക്കു മുൻപ് നേർന്ന വഴിപാട് സമർപ്പിക്കാനാണ് അദ്ദേഹം എത്തിയതെന്നാണ് വിവരം.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തുമെന്ന പ്രചാരണം ശക്തമായിരുന്നു. വെള്ളിയാഴ്ച വരുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ എത്താൻ സാധിച്ചില്ല. ഇന്ന് രാവിലെ സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തുമെന്ന് മുൻകൂട്ടി അറിഞ്ഞ മാധ്യമ പ്രവർത്തകർ രാവിലെ മുതൽ ക്ഷേത്രപരിസരത്ത് നിലയുറപ്പിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രതികരണം തേടുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ ക്ഷേത്രത്തിൽ എത്തിയതു മുതൽ തിരിച്ചു പോകുന്നത് വരെ മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. ക്ഷേത്രത്തിലെത്തിയ മറ്റ് വിശ്വാസികളോട് കുശലം പറഞ്ഞെങ്കിലും രാഷ്ട്രീയം പറയാനോ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കാനോ സുരേഷ് ഗോപി മുതിർന്നില്ലെന്നതും ശ്രദ്ധേയം. സാധാരണ വിശ്വാസിയെപ്പോലെ ഏറ്റുമാനൂരപ്പനെ തൊഴുതു വണങ്ങാനാണ് എത്തിയത് എന്നു മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. പ്രതികരണത്തിനായി മൈക്ക് നീട്ടിയ മാധ്യമങ്ങൾക്ക് മുന്നിൽ തൊഴുത് ചിരിച്ചു കൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു.

Merlin Antony :