തീര്‍പ്പാക്കിയ കേസില്‍ ഉപഹര്‍ജി നല്‍കിയ നടപടി നിയമപരമാണോ? മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും!

നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ ഹൈക്കോടതി ജഡ്ജിനെതിരെ ​ഗുരുതര ആരോപണമാണ് ഉയർന്നത്. ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെതിരെയായിരുന്നു ആരോപണം ഉയർന്നത്. പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ജസ്റ്റിസ് പേഴ്സണല്‍ കസ്റ്റഡിയില്‍ വെച്ചെന്നായിരുന്നു റിപ്പോർട്ടിലുള്ളത്. മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഒരു വര്‍ഷത്തിലേറെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മെമ്മറി കാര്‍ഡ് സീല്‍ ചെയ്ത കവറില്‍ സൂഷിക്കണമെന്നാണ് നിയമം എന്നിരിക്കെയാണ് ജഡ്ജിന്റെ ഭാ​ഗത്തുനിന്ന് തന്നെ ​ഗുരുതര വീഴ്ച സംഭവിച്ചത്. കോടതി ജീവനക്കാരുടെ മൊഴിയില്‍ ജസ്റ്റിസിനെതിരെ ഗുരുതര പരാമര്‍ശമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹന്റേയും പ്രോപ്പര്‍ട്ടി ക്ലാര്‍ക്ക് ജിഷാദിന്റേതുമായിരുന്നു മൊഴി. അതേസമയം മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. തീര്‍പ്പാക്കിയ കേസില്‍ ഉപഹര്‍ജി നല്‍കിയ നടപടി നിയമപരമാണോ എന്ന കാര്യവും ഹൈക്കോടതി പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം എന്ന ആവശ്യത്തിലും അതിജീവിതയുടെ അഭിഭാഷകന്‍ വാദം അറിയിക്കും.

തൻ്റെ ഭാഗം കേള്‍ക്കാതെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് അതിജീവിതയുടെ പ്രധാന ആക്ഷേപം. ലഭിച്ച മൊഴികള്‍ അനുസരിച്ച് സെഷന്‍സ് ജഡ്ജി അന്വേഷണം നടത്തിയില്ല. ഈ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ഉപഹര്‍ജിയിലെ ആവശ്യം. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവാണ് മെമ്മറി കാര്‍ഡ്. അതിജീവിതയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായ തുറന്ന് പരിശോധിച്ച വിവരം പുറത്ത് വന്നതോടെ ഞെട്ടിയിരുന്നു. അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട മെമ്മറി കാർഡ് അനധികൃതമായി തുറന്നതായി ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിതയായ നടിക്കൊപ്പമുള്ളവര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. വിഷയത്തിൽ കുറ്റക്കാരായ അങ്കമാലി കോടതി മജിസ്ട്രേറ്റ് ലീന റഷീദ് ,ജില്ലാ ജഡ്ജിയുടെ പേഴ്സണൽ സ്റ്റാഫ് മഹേഷ്, വിചാരണക്കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർക്കെതിരെ കേസെടുക്കണമെന്നും സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്നുമായിരുന്നു കൂട്ടായ്മയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിന് നിവേദനം നൽകാനും സോഷ്യൽ മീഡിയ വഴി ഒരു ലക്ഷം ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതി, നിയമവകുപ്പ് മന്ത്രി എന്നിവർക്ക് കത്തുകൾ അയയ്ക്കാനും യോഗം തീരുമാനിച്ചിരുന്നു.

Merlin Antony :