തമിഴ്നാടിനു വേണ്ടത് നല്ല നേതാക്കളെയാണ്.. ശരിതെറ്റുകൾ മനസ്സിലാക്കി മികച്ച നേതാവിനെ തിരഞ്ഞെടുക്കണം- വിജയ്

പത്താം ക്‌ളാസിലും പ്ലസ് ടുവിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് നടൻ വിജയ്. വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന പരിപാടിയിൽ വിജയ് നേരിട്ടെത്തി. ജൂൺ 28ന് ചെന്നൈയിലെ തിരുവാൻമിയൂരിൽ നടന്ന പരിപാടിക്ക് പുറമേ, ജൂലൈ 3ന് മറ്റൊന്ന് കൂടിയുണ്ട്. തമിഴക വെട്രി കഴകം നടത്തുന്ന രണ്ടാം വാർഷിക ‘വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങാണ്’. ഒരു രാഷ്ട്രീയ പാർട്ടി നേതാവെന്ന നിലയിൽ പാർട്ടി അധ്യക്ഷൻ വിജയ് ആദ്യമായി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. നിങ്ങൾ ഏതു മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുക. നമുക്കു വേണ്ടതു മികച്ച ഡോക്ടർമാരോ എൻജിനീയർമാരോ അഭിഭാഷകരോ അല്ല. തമിഴ്നാടിനു വേണ്ടത് നല്ല നേതാക്കളെയാണ്. നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം. അതാണ് എന്റെ ആഗ്രഹം.

തെറ്റും ശരിയും മനസ്സിലാക്കിവേണം പുതിയ തലമുറ മുന്നോട്ടു പോകാൻ. സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കരുത്. ചില രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണം. ശരിതെറ്റുകൾ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കാനെന്നും കുട്ടികളോടു വിജയ് പറഞ്ഞു.

കൂടാതെ ലഹരി ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. 750 അവാർഡ് ജേതാക്കൾ ഉൾപ്പെടെ 3500-ലധികം രക്ഷിതാക്കളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. തമിഴ്‌നാട് വെട്രി കഴകം പ്രസിഡൻ്റ് വിജയ് ഷാളും സർട്ടിഫിക്കറ്റും 5000 രൂപയും നൽകി ഓരോ വിദ്യാർത്ഥിയെയും അനുമോദിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം വെജിറ്റേറിയൻ ഡിന്നറും ഒരുക്കിയിരുന്നു.

Merlin Antony :