തമിഴക വെട്രി കഴകത്തില്‍ രണ്ട് കോടി അംഗങ്ങളെ ചേര്‍ക്കാൻ വിജയ് യുടെ ആദ്യ ലക്ഷ്യം! പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പ് നിശ്ചലമായി

ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ തമിഴകത്ത് നിറഞ്ഞ് നില്‍ക്കുകയാണ്. ഏറ്റവും അവസാനം വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം അതിന്‍റെ മെമ്പര്‍ഷിപ്പ് വിതരണത്തിനായി ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ അണികളെ ചേര്‍ക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ വെള്ളിയാഴ്ച തമിഴക വെട്രി കഴകം ആപ്പ് പുറത്തിറക്കിയത്. വിജയ് തന്നെയാണ് ആപ്പ് വഴി ആദ്യ മെമ്പര്‍ഷിപ്പ് എടുത്തത്. ഇതിന്‍റെ വീഡിയോ ടിവികെ പുറത്തിറക്കി. എല്ലാവരോടും ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് പാര്‍ട്ടിയില്‍‍ അംഗമാകുവാന്‍ വിജയ് ആവശ്യപ്പെടുന്നുണ്ട് വീഡിയോയില്‍.

തമിഴക വെട്രി കഴകത്തില്‍ രണ്ട് കോടി അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് വിജയ് ആദ്യം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം ജില്ലാ ബൂത്ത് തലങ്ങളില്‍ താരത്തിന്റെ പാര്‍ട്ടി അംഗത്വ ക്യാംപെയ്ൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കന്നി വോട്ടര്‍മാരായ സ്‍ത്രീകള്‍ക്ക് എല്ലാവര്‍ക്കും തന്റെ പാര്‍ട്ടിയില്‍ സജീവ അംഗത്വം നല്‍കാൻ വിജയ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനത്തിനായി മൊബൈല്‍ ആപ്പും പുറത്തിറക്കുന്നു. 2026ലെ തമിഴ്‍നാട് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് താരത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്.

അതേ സമയം ആപ്പ് പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പ് നിശ്ചലമായി എന്നാണ് വിവരം. ഏതാണ്ട് രണ്ട് ലക്ഷത്തോളം ഒടിപി അപേക്ഷകള്‍ വന്നതോടെയാണ് ആപ്പിന്‍റെ സെര്‍വര്‍ ക്രാഷായി ആപ്പ് പ്രവര്‍ത്തിക്കാതായത് എന്നാണ് വിവരം. എന്തായാലും ശനിയാഴ്ചയോടെ ആപ്പ് ശരിയായിട്ടുണ്ടെന്നാണ് വിജയിയുടെ പാര്‍ട്ടി അധികൃതര്‍ അറിയിച്ചത്.

Merlin Antony :