സെലിബ്രിറ്റികളുടെ ഇഷ്ട മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. ഇപ്പോഴിതാ നടി ജ്യോതിർമയിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് രഞ്ജു. ഒരു പരസ്യത്തിന്റെ ഷൂട്ട് നടക്കുമ്പോൾ റോയി എന്ന എന്റെ ഫ്രണ്ട് അവിടെ മേക്കപ്പ് ചെയ്യുന്നുണ്ടായിരുന്നു. ഞാൻ അവിടെ ചെന്നു. കുറേ മെയിൽ ആർട്ടിസ്റ്റുകളുണ്ട്. അവർക്ക് മേക്കപ്പ് ചെയ്യാൻ ഞാനും സഹായിക്കാൻ കയറി. അവർക്കത് ഇഷ്ടപ്പെട്ടു. പിറ്റേ ദിവസത്തെ വർക്കിന് പിന്നെയും എന്നെ വിളിച്ചു. 500 രൂപ തന്നു. അങ്ങനെ ഞാൻ സ്വയം മേക്കപ്പ് ആർട്ടിസ്റ്റായി. എനിക്കൊരു പഠനമോ അക്കാദമിക് ക്വാളിഫിക്കേഷനോ ഇല്ല. പ്രൊഡക്ടുകൾ കൂട്ടി വായിച്ച് അതിന്റെ അർത്ഥം മനസിലാക്കാൻ പോലും എനിക്കറിയില്ല.
അങ്ങനെയൊരു കാലഘട്ടത്തിലാണ് മേക്കപ്പിന്റെ ആരംഭം, അവിടെ നിന്ന് ഇങ്ങോട്ട് വരുമ്പോൾ രംഭ, നഗ്മ, ജ്യോതിർമയി എന്നിങ്ങനെ അവിടെ നിന്ന് ഇങ്ങോട്ട് തുടങ്ങി. അവരുടെ സ്റ്റേജ് പ്രോഗ്രാമുകളിലാണ് ഞാൻ മേക്കപ്പ് ആർട്ടിസ്റ്റായി തുടങ്ങുന്നത്. ആദ്യം മേക്കപ്പ് ചെയ്ത താരം രംഭയാണെന്ന് തോന്നുന്നു. ഒരു അവാർഡ് നൈറ്റിന് വേണ്ടി. എങ്ങനെ എന്നെ വിളിച്ചെന്ന് ഇപ്പോഴും അറിയില്ല. അവിടെ വെച്ചാണ് ജ്യോതിർമയിയെ പരിചയപ്പെടുന്നത്. അവിടെ നിന്നങ്ങോട്ട് ജ്യോതിർമയിയുമായി ഭയങ്കര കൂട്ടായി. എന്റെ മൂത്ത ചേച്ചിയെ പോലെയാണ് ജ്യോതി ചേച്ചി. ഇപ്പോഴും ഞങ്ങൾ തമ്മിൽ കണ്ടാൽ രണ്ട് മിനുട്ട് പരസ്പരം കരയും.
അത്രയും സ്നേഹമാണ് ജ്യോതി ചേച്ചിയോട്. മേക്കപ്പിന്റെ കാര്യങ്ങൾ പറഞ്ഞ് തന്നിരിക്കുന്നത് ജ്യോതി ചേച്ചിയായിരിക്കാം. എന്റെ ജീവിതം പറയുമ്പോൾ ജ്യോതിർമിയെയും മുക്തയെയും ചേർക്കാതെ പറ്റില്ല. മുക്തയുടെ താമരഭരണി എന്ന സൂപ്പർഹിറ്റ് സിനിമ. ജ്യോതിർമയിയുടെ നവാഗകർക്ക് സ്വാഗതം തുടങ്ങിയ സിനിമകളാണ് എന്നെ സിനിമാ രംഗത്തേക്ക് കൊണ്ട് വന്നത്. ആ സമയത്ത് വിരലിൽ എണ്ണാവുന്ന മേക്കപ്പ് ആർട്ടിസ്റ്റുകളേ ഉള്ളൂ. അന്ന് ഓപ്ഷനുകൾ പറയാനില്ല, ഒരാളെ എങ്ങനെയും കൂട്ട് പിടിക്കും. അവാർഡ് ഫംങ്ഷൻ വന്നാൽ ആദ്യമേ നമ്മളെ ബ്ലോക്ക് ചെയ്യും. ഇപ്പോൾ ഓപ്ഷനുകൾ ഇഷ്ടം പോലെയുണ്ടെന്നും കേരളം പുരോഗമിച്ചെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.