ജ​ഗദീഷ് മാത്രമല്ല, മമ്മൂട്ടിക്കും മാധ്യമങ്ങളെ കാണാൻ താൽപര്യമില്ലായിരുന്നു- ലിബർട്ടി ബഷീർ

കഴിഞ്ഞ ദിവസമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പത്രസമ്മേളനം വിളിച്ച് ചേർക്കണമെന്ന മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നിർദ്ദേശത്തെ എതിർത്തത് ജഗദീഷ് എന്നായിരുന്നു ഫെഫ്ക ഭാരവാഹി ജോസ് തോമസിന്റെ വെളിപ്പെടുത്തൽ. എന്നാലിപ്പോഴിതാ ജ​ഗദീഷ് മാത്രമല്ല, മമ്മൂട്ടിക്കും മാധ്യമങ്ങളെ കാണാൻ താൽപര്യമില്ലായിരുന്നുവെന്നാണ് ജഗദീഷ് തന്നോട് പറഞ്ഞതെന്ന തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് ലിബർട്ടി ബഷീർ. ‘എടുത്ത് ചാടി ഒരു പത്രസമ്മേളനം നടത്തേണ്ടെന്നായിരുന്നു തീരുമാനം. ജഗദീഷ് പറഞ്ഞത് കൊണ്ട് മാത്രം തീരുമാനമെടുക്കുന്നത് നടക്കാത്ത കാര്യമാണ്.

മമ്മൂട്ടി കൂടി പറഞ്ഞതോടെയാണ് പെട്ടെന്നുള്ള പത്രസമ്മേളനം വേണ്ടെന്ന് തീരുമാനിച്ചത് എന്നാണ് ജഗദീഷ് തന്നോട് പറഞ്ഞത്. ചെയ്തത് നല്ല കാര്യമാണ്. കാരണം ആ വിഷയം കൃത്യമായി പഠിക്കാതെ എടുത്ത് ചാടി ഒരു തീരുമാനം എടുക്കുന്നത് തിരിച്ചടിയായേനെ. മോഹൻലാൽ ഇതിലും വലിയ വിഷയം വന്നാലും യാതൊരു അഭിപ്രായവും പറയാത്ത വ്യക്തിയാണ്. വർഷങ്ങളായി അദ്ദേഹത്തെ അറിയാം എനിക്ക്. മറ്റുള്ളവർ പറഞ്ഞാൽ അത് അനുസരിക്കുന്നതാണ് രീതി. പ്രത്യേകിച്ച് മമ്മൂക്കയൊക്കെ പറയുമ്പോൾ അനുസരിക്കും. സിദ്ധിഖ് പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ജഗദീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സിദ്ധിഖ് പറഞ്ഞത് തെറ്റായിപ്പോയെന്ന തോന്നൽ എനിക്കും ഉണ്ടായിരുന്നു. സിദ്ധിഖിനെ സംബന്ധിച്ച് അത്തരം പത്രസമ്മേളനം നടത്തിയൊക്ക ഒരു പരിചയക്കുറവ് ഉണ്ട്. അതേസമയം ജഗദീഷ് ഒരു അധ്യാപകനാണ്. എങ്ങനെ, എന്ത് സംസാരിക്കണമെന്ന് വ്യക്തതയുണ്ട് അദ്ദേഹത്തിന്’, ലിബർട്ടി ബഷീർ വ്യക്തമാക്കി.

Merlin Antony :