കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മെമ്മറി കാർഡ് കേസിൽ അതിജീവിതയുടെ ഹർജിയിൽ ഉപഹർജിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മെമ്മറി കാർഡ് കേസിൽ അതിജീവിതയുടെ ഹർജിയിൽ ഉപഹർജിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽ ആവശ്യപ്പെടുന്നു. മെമ്മറി കാര്‍ഡ് കേസില്‍ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലര്‍ ആയി കീഴ്‌ക്കോടതികള്‍ക്ക് നല്‍കണം. സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണമെന്നും സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രാർക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉപഹർജിയിലുണ്ട്.

അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ജില്ല; സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മോഹൻ പരിശോധനയ്ക്കായി വീട്ടിൽ കൊണ്ടുപോയി എനന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ജില്ല സെഷൻസ് കോടതി ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിലാണിതുള്ളത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എന്താണെന്ന് അറിയാൻ സെഷൻസ് കോടതി ജഡ്ജിയുടെ അനുമതിയോടെയായിരുന്നു ഇതെന്നും അതിനാൽ തെറ്റില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുവെന്നും അതിജീവിതയുടെ ഹർജിയിൽ പറയുന്നു. 2018 ഡിസംബർ 13-ന് രാത്രി 10.58-ന് മെമ്മറി കാർഡ് കോടതി ജീവനക്കാരൻ പരിശോധിച്ചു എന്നത് പേടിയോടെയല്ലാതെ വായിക്കാനാകില്ലെന്നും അതിജീവിത പറയുന്നു. ജഡ്ജിയുടെ അനുമതിയോടെയാണ് മെമ്മറി കാർഡ് വീട്ടിൽ കൊണ്ടുപോയതെന്ന ക്ലാർക്കിന്റെ മൊഴിയിൽ അന്നത്തെ ജഡ്ജിയോട് ചോദിച്ച് വ്യക്തത വരുത്തിയിട്ടില്ല. മെമ്മറി കാർഡ് കൈപ്പറ്റിയ പ്രോപ്പർട്ടി ക്ലാർക്കിന്റെ മൊഴിയും എടുത്തിട്ടില്ല. ആരാണ് അതെന്നുപോലും റിപ്പോർട്ടിലില്ല. ഏത് ദിവസമാണ് താൻ മെമ്മറി കാർഡ് വീട്ടിൽ കൊണ്ടുപോയതെന്ന് ഓർമിക്കാൻ കഴിയുന്നില്ലെന്ന് മഹേഷ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

സി.ബി.ഐ. പ്രത്യേക കോടതിയുടെ പരിഗണനയിലിരിക്കെ 2021 ജൂലായ്‌ 19 പകൽ 12.19- നു ശേഷമാണ് മെമ്മറി കാർഡ് പരിശോധിച്ചിരിക്കുന്നത്. ശിരസ്തദാർ താജുദ്ദീനായിരുന്നു ഫോണിൽ പരിശോധന നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ ഫോൺ തിരൂരിനും എറണാകുളത്തിനുമിടയിൽ ട്രെയിൻ യാത്രയ്ക്കിടെ നഷ്ടമായി എന്നാണ് താജുദ്ദീൻ മൊഴി നൽകിയിരിക്കുന്നത്. ഫോൺ 2022 ഫെബ്രുവരിയിൽ നഷ്ടമായി എന്നാണ് പറയുന്നത്. എന്നാൽ, ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു എന്ന വാർത്തയെ തുടർന്ന് തന്റെ ഫോൺ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കി എന്ന് താജുദ്ദീൻ മൊഴി നൽകി. എന്നാൽ, മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്ന ഫൊറൻസിക് റിപ്പോർട്ട് പുറത്തുവരുന്നതുതന്നെ 2022 ജൂലായിലോ ഒാഗസ്റ്റിലോ ആണെന്നരിക്കെ ആ വാദം തെറ്റാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിക്കാൻ ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങളൊന്നും പരിശോധിച്ചിട്ടില്ല. അന്വേഷണത്തിലെ കണ്ടെത്തൽ മുൻപ് വിദഗ്ധർ കണ്ടെത്തിയതിൽനിന്ന് ഭിന്നമാണ്.

തുടർ നടപടി സ്വീകരിക്കാനുള്ള കണ്ടെത്തലുകളൊന്നുമില്ലെന്ന റിപ്പോർട്ടിലെ പരാമർശവും തെറ്റാണെന്നും ഹർജിയിൽ പറയുന്നു. 51 പേജുള്ള ഉപഹർജിയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി മുതൽ ജില്ല സെഷൻസ് കോടതിയിൽ വരെ നടന്ന സംഭവങ്ങളും വിവരിക്കുന്നുണ്ട്.

Merlin Antony :