പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കേരളസംസ്ഥാനത്ത് നിന്നും കിട്ടുന്ന ആദ്യ എം.പി. എന്ന നിലയില്‍ സുരേഷ്‌ഗോപിയ്ക്ക് കേന്ദ്രമന്ത്രിമാര്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. എന്നാല്‍ പുതിയ പ്രസ്താവന താരത്തിന് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പിന് കാരണമാകുമെന്നാണ് കരുതുന്നത്. സിനിമ ചെയ്യണമെന്ന കാര്യത്തില്‍ സുരേഷ്‌ഗോപി കടുത്ത നിലപാട് എടുത്താല്‍ കേന്ദ്രമന്ത്രി പദവിയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കുന്ന കാര്യം പോലും കേന്ദ്രനേതൃത്വം പരിഗണിച്ചേക്കാന്‍ സാധ്യതയുണ്ട്.
മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടമാണ് സിനിമാനടന്‍ കൂടിയായ സുരേഷ്‌ഗോപിക്ക് സിനിമ ചെയ്യുന്നതിന് തടസ്സമാകുന്നത്. കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമാ ചെയ്യാന്‍ അനുവാദം കിട്ടിയിയേക്കില്ല. മന്ത്രിസ്ഥാനം തന്നെ ഒരു മുഴുനീളജോലിയാണ്. അതിലിരുന്നുകൊണ്ട് ധനസമ്പാദനത്തിന്റെ മാര്‍ഗ്ഗം ചെയ്യാനാകില്ല എന്ന പെരുമാറ്റച്ചട്ടം സുരേഷ്‌ഗോപിക്കും തടസ്സമാകും. ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വിമര്‍ശനത്തിന് ആയുധമാക്കിയേക്കുമെന്ന് ബിജെപി സംസ്ഥാന നേതാക്കളും കരുതുന്നുണ്ട്.