അന്നും ഇന്നും സലിംകുമാർ മലയാളികളുടെ ഇഷ്ട താരം തന്നെയാണ്. ഇപ്പോഴിതാ തന്റെ കുട്ടിക്കാല കഥകള്‍ പറയുകയാണ് സലീം കുമാര്‍. ചെറിയ കയര്‍ വ്യാപാരിയായിരുന്നു എന്റെ അച്ഛന്‍. പിരിക്കുന്ന കയര്‍ കൊച്ചിയില്‍ കൊണ്ടു പോയി കൊടുക്കും. അവിടെ നിന്നും പറവൂര്‍ മാര്‍ക്കറ്റിലേക്ക് വേണ്ട സാധനങ്ങളൊക്കെ കൊണ്ടു വരും. ഞങ്ങള്‍ക്ക് അന്ന് സ്വന്തമായി ഒരു വള്ളവുമുണ്ടായിരുന്നു. വളരെ സുന്ദരമായിരുന്നു എന്റെ കുട്ടിക്കാലം. വളരെ സമൃദ്ധമായിരുന്നു. കുട്ടിക്കാലത്ത് അച്ഛനും അമ്മയും ഇരുന്ന് സംസാരിക്കുമ്പോള്‍ ഞാന്‍ അവരുടെ അടുത്തിരുന്ന് ചായക്കട ഉണ്ടാക്കി കളിക്കുമായിരുന്നു.
കഷ്ടകാലം സ്വന്തം പുത്രന്റെ രൂപത്തില്‍ വരുന്നു എന്നതിന്റെ തെളിവായിരുന്നു അതെന്നാണ് സലീം കുമാര്‍ പറയുന്നത്. അച്ഛന് അതൊക്കെ കണ്ടപ്പോള്‍ ഒരു ചായക്കട തുടങ്ങിയാലോ ഇവനും താല്‍പര്യമുണ്ടെന്ന് തോന്നി. അച്ഛന്‍ അത് അമ്മയോട് പറഞ്ഞു. അമ്മയും അതിന് സമ്മതിച്ചു. അങ്ങനെ ചിറ്റാറ്റുക്കരയില്‍ ഒരു ചായക്കട വന്നു. മനസിന് വല്ലാ്ത്ത സന്തോഷമായി. എപ്പോള്‍ വേണമെങ്കിലും ചെല്ലാം പഴം പൊരിയും ഉണ്ടം പൊരിയും സുഖിയനുമൊക്കെ എടുത്ത് തിന്നാം. ആകെയുള്ള നിബന്ധന അമ്പലക്കുളത്തില്‍ പോയി കുളിച്ച് കുറിയും തൊട്ട് വരണം എന്നതായിരുന്നു. മൂന്ന് തരം പുട്ടുകളായിരുന്നു ആ കടയിലുണ്ടായിരുന്നത്. ആദ്യത്തേത് മരച്ചീനി പുട്ട് ആയിരുന്നു. ഞങ്ങളതിനെ പിച്ചള പുട്ട് എന്നായിരുന്നു വിളിച്ചിരുന്നത്. രണ്ടാമത്തേത് ഗോതമ്പ് പുട്ടായിരുന്നു. അതിനെ വിളിച്ചിരുന്നത് ചെമ്പ് പുട്ട് എന്നായിരുന്നു. മൂന്നാമതായി വെള്ളി പുട്ട് എന്ന് വിളിക്കുന്ന അരിപ്പുട്ടും.
ദാരിദ്ര്യത്തിന്റെ അവസ്ഥയാണ്. സാധാരണക്കാരില്‍ സാധാരണക്കാരാണ് പിച്ചള പുട്ട് കഴിച്ചിരുന്നത്. അതിലും കുറച്ച് മുന്തിയവര്‍ ചെമ്പ് പുട്ടും. ചിറ്റാരിക്കരയിലെ ടാറ്റയും ബിര്‍ളയും അംബാനിയുമാണ് അരിപ്പുട്ട് കഴിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. കടയില്‍ നല്ല കച്ചവടമായിരുന്നു. കടയില്‍ ഒരു ജോലിക്കാരനേയും നിര്‍ത്തിയിരുന്നു. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ കച്ചവടം നന്നായിട്ടും കാശ് വരുന്നില്ല. കാരണം എല്ലാം പറ്റായിരുന്നു. അതൊന്നും തിരിച്ച് കിട്ടാതെ വന്നതോടെ കട പൂട്ടാമെന്ന ആലോചനകള്‍ വന്നു. ഇതിനിടെയാണ് എന്റെ ചേച്ചി കടയിലെ ജോലിക്കാരനായുമായി പ്രണയത്തിലാകുന്നത്. അവരെ കല്യാണം കഴിച്ച് വിടേണ്ടി വന്നു. അതോടെ കടയും പൂട്ടി. അങ്ങനെ ആ കട കൊണ്ട് ആ ഉണ്ടായ ഗുണം ബ്രോക്കറില്ലാതെ മോളുടെ കല്യാണം നടന്നു എന്നതാണെന്നും സലീം കുമാര്‍ പറയുകയാണ്.