മലയാളികളുടെ ഇഷ്ട താരങ്ങളാണ് മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. ഒന്നരവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും ഇപ്പോൾ തങ്ങൾക്കിടയിലേക്ക് പുതിയൊരു അതിഥി വരുന്ന ത്രില്ലിലാണ്. കാരണം മാളവിക ഏഴ് മാസം ഗർഭിണിയാണ്. ഗർഭിണിയായശേഷം സ്റ്റേജ് പ്രോഗ്രാമുകളിൽ നിന്നും നൃത്തത്തിൽ നിന്നുമെല്ലാം മാളവിക ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്. യുട്യൂബ് ചാനലിലും സജീവമായ മാളവിക പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്. പ്രസവം അടുക്കുമ്പോൾ നടത്താറുള്ള വളകാപ്പ് ചടങ്ങ് ഭർത്താവിനും കുടുംബത്തിനുമൊപ്പം ആഘോഷമായി നടത്തിയതിന്റെ വീഡിയോയാണ് യുട്യൂബ് ചാനലിൽ മാളവിക ഏറ്റവും പുതിയതായി പങ്കിട്ടത്.
പച്ചയും ഓറഞ്ചും നിറത്തിലുള്ള ഹെവി ബോർഡർ പട്ടുസാരിയുടുത്താണ് മാളവിക വളകാപ്പിന് എത്തിയത്. മുല്ലപ്പൂവും കഴുത്തിലും കാതിലും നിറയെ ആഭരണങ്ങളും അണിഞ്ഞ് നവവധുവിനെപ്പോലെ അതീവ സുന്ദരിയായിരുന്നു ചടങ്ങിൽ മാളവിക. ഒലിവ് ഗ്രീൻ നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു തേജസിന്റെ വേഷം. മാളവികയുടെ കയ്യിൽ കുപ്പിവളകൾ അണിയിച്ച് കൊടുക്കുന്ന തേജസിനേയും വീഡിയോയിൽ കാണാം. നിമിഷങ്ങൾക്കുളിലാണ് വളകാപ്പ് വീഡിയോ വൈറലായത് .