ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുന്നേറിയതാണ് പ്രഭാസ് നായകനായ നാഗ് അശ്വിന്‍ ചിത്രം കല്‍ക്കി 2898 എ ഡി. പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും നിരൂപകരും ഒരേപോലെ ഏറ്റെടുത്ത ചിത്രം. ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.
ദീപിക പദുകോണും അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ഇപ്പോഴിതാ ഈ കഥാപാത്രവുമായി ബന്ധപ്പെട്ട് കൗതകരമായ ഒരു റിപ്പോർട്ട് കൂടി പുറത്തെത്തിയിരുന്നു. കമൽഹാസനെ സമീപിക്കുന്നതിന് മുമ്പ്, നിർമ്മാതാക്കൾ മോഹൻലാലിനാണ് ഈ വേഷം വാഗ്ദാനം ചെയ്യാൻ പദ്ധതിയിട്ടിരുന്നത് എന്നായിരുന്നു സംവിധായകൻ ഏതാനും ദിവസം മുൻപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഈ പ്രോജക്റ്റിനായി ആദ്യം കമൽഹാസനെ ബന്ധപ്പെട്ടപ്പോൾ, താൻ ഇന്ത്യൻ 2വിൻ്റെ ഷൂട്ടിംഗ് തിരക്കിലാണെന്നും കൽക്കി 2898 എഡിയുടെ തീയതികൾ അനുവദിക്കാനാവില്ലെന്നും താരം പറഞ്ഞു. തുടർന്നാണ് മോഹൻലാലിനെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ നാഗ് അശ്വിൻ തീരുമാനിച്ചത്. തിരക്കഥയുമായി നാഗ് അശ്വിൻ മോഹൻലാലിനെ സമീപിക്കുമെന്നതിൻ്റെ തലേദിവസം കമൽഹാസൻ അദ്ദേഹത്തെ തിരികെ വിളിച്ച് തനിക്ക് ഒരുപാട് സീനുകൾ ഇല്ലാത്തതിനാൽ സിനിമ ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞു. ചിത്രത്തിൽ അഭിനയിച്ചതിന് കമൽഹാസൻ 20 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ട്.