കൊച്ചിയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ട് ഇന്നും തുടരുന്നുണ്ട്. മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനമാണെന്ന് കുസാറ്റ് അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള തീരത്ത ശക്തമായ പടിഞ്ഞാറന്‍ നിലനില്‍ക്കുന്നു. ഇപ്പോഴിതാ കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ ഉണ്ടായിരിക്കുന്ന വെള്ളക്കെട്ടില്‍ സര്‍ക്കാരിനും അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കൃഷ്ണപ്രഭ. പരിഹാസ രൂപേണയായിരുന്നു നടിയുടെ പ്രതികരണം. വര്‍ഷങ്ങളായി ഈ അവസ്ഥയ്ക്ക് മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെയാണെന്നും കൃഷ്ണപ്രഭ പറഞ്ഞു. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ലെന്നും നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബഹുമാനപ്പെട്ട അധികാരികളോട്, കൊച്ചിയില്‍ പലയിടത്തും റോഡുകളില്‍ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടര്‍ മെട്രോയും തമ്മില്‍ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം. മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ വേണ്ടി വാട്ടര്‍ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
അല്ലെങ്കില്‍ സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം. വര്‍ഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ് എന്നാണ് കൃഷ്ണപ്രഭ ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടായ വെള്ളക്കെട്ടില്‍ ഹൈക്കോടതിയും ഇന്ന് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. അധികൃതര്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരെയാണ് കോടതി രംഗത്ത് വന്നത്. മഴ വന്ന് ഉച്ചിയില്‍ നില്‍ക്കുമ്പോഴാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കഴിഞ്ഞ തവണ കാനകള്‍ ശുചീകരിച്ചത് പോലെ ഇത്തവണയും ഉണ്ടാകുമെന്നാണ് കരുതിയതെന്നും, ഇത്തവണ അതുണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ പൊതുജനങ്ങളുടെ സഹകരണം വേണമെന്നും, ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കാനകളില്‍ നിന്നും നീക്കം ചെയ്യുന്നതെന്നും ജസ്റ്റിസ് വിമര്‍ശിച്ചു. അതേസമയം ഇടപ്പള്ളി തോട് ശുചീകരണത്തില്‍ ഇറിഗേഷന്‍ വകുപ്പിനുണ്ടായ വീഴ്ച്ച മൂലമാണ് കഴിഞ്ഞ ദിവസം വെള്ളക്കെട്ടുണ്ടായതെന്നും അമിക്കസ് ക്യൂരി അറിയിച്ചു.