ഒളിത്താവളത്തിൽ നിന്നും സിദ്ദീഖ് കൊച്ചിയിൽ! അഭിഭാഷകനായ രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടന്‍ സിദ്ദീഖിന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോഴിതാ അതിനൊക്കെ പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടന്‍ സിദ്ദീഖ്. കൊച്ചിയിലെത്തിയ സിദ്ദീഖ് സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകനായ രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മകന്‍ ഷഹീനും സിദ്ദീഖിനൊപ്പമുണ്ടായിരുന്നു.

അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സിദ്ദീഖ് തയ്യാറായില്ല. രാമന്‍പിള്ളയുമായി ഒരു മണിക്കൂറോളം സിദ്ദീഖ് കൂടിക്കാഴ്ച നടത്തി. എറണാകുളം നോര്‍ത്തിലുള്ള രാമന്‍ പിള്ളയുടെ ഓഫീസിലേക്കാണ് സിദ്ദീഖ് എത്തിയത്. കഴിഞ്ഞ ദിവസമാണ് സിദ്ദീഖിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടയുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ അന്ന് തന്നെ കോടതിയില്‍ ഹാജരാക്കണമെന്നും മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കണം എന്നുമാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. അതിനിടെ സിദ്ദീഖ് പൊതുസമക്ഷം എത്തിയെങ്കിലും അറസ്റ്റ് ചെയ്യണോ വേണ്ടേ എന്നുള്ള ആശയക്കുഴപ്പത്തിലാണ് പൊലീസ്. ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.

Merlin Antony :