മലയാളികളുടെ ഇഷ്ട നടി മാത്രമല്ല സംവിധായിക കൂടിയാണ് രേവതി. ഒരിടവേളക്ക് ശേഷം രേവതി വീണ്ടും ഇപ്പോൾ സംവിധായകയാകുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന് വേണ്ടി ഒരുങ്ങുന്ന സീരിസാണ് രേവതി ഇത്തവണ സംവിധാനം ചെയ്യുന്നത്. സംവിധായകൻ സിദ്ധാർത്ഥ് രാമസാമിയാണ് സീരിസിന്റെ സഹസംവിധായകൻ.
രേവതി തന്നെയാണ് തന്റെ പുതിയ സംവിധാന സംരംഭം ഒരുങ്ങുന്നതായി സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചത്. ചിത്രത്തിലെ അണിയറ പ്രവർത്തകർ ആരൊക്കെയാണെന്നത് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് തമിഴിൽ ഒരുങ്ങുന്ന സീരിസിന്റെ ചിത്രീകരണം ആരംഭിച്ചത്. 2022 ൽ കജോളും വിശാൽ ജേത്വയും അഭിനയിച്ച സലാം വെങ്കിയാണ് രേവതി സംവിധാനം ചെയ്ത് റിലീസ് ചെയ്ത അവസാന ചിത്രം. 2002 ലാണ് രേവതി സംവിധാന രംഗത്തേക്ക് എത്തുന്നത്.