എൻ്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്! വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്…

സംവിധായകൻ ജിയോ ബേബിയെ കോഴിക്കോട് , ഫറൂഖ് കോളേജിലെ പരിപാടിക്ക് ക്ഷണിച്ച ശേഷം ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച്, എസ്എഫ്ഐയുടെ സാംസ്കാരിക കൂട്ടായ്മ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കും. സംവിധായകൻ ജിയോ ബേബിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എസ്എഫ്ഐയുടെ പരിപാടി. കോളേജിന് മുന്നിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. അഞ്ചാം തീയതി നടക്കേണ്ട ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിച്ച ശേഷം കോഴിക്കോട് എത്തിയപ്പോഴാണ് തന്നെ ഒഴിവാക്കിയ വിവരം അറിയിച്ചതെന്ന് ജിയോ ബേബി ആരോപിച്ചിരുന്നു. വിദ്യാർത്ഥി യൂണിയന്‍റെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു കോളേജ് മാനേജ്മെന്‍റിന്റെ വിശദീകരണം. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ജിയോ ബേബിയുടെ തീരുമാനം. അതേസമയം നാളെ എസ്എഫ്ഐ യൂണിയൻ മടപ്പള്ളി കോളേജിൽ സംഘടിപ്പിക്കുന്ന മാച്ചിനാരി ഫെസ്റ്റിൽ ജിയോ ബേബി പങ്കെടുക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം. ആർഷോ അറിയിച്ചു.

ഇപ്പോഴിതാ വിഷയം ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. ജിയോ ബേബിക്ക് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് നവാസ് പറഞ്ഞു. ഒപ്പം കോളേജ് യൂണിയൻ അല്ല ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചതെന്നും നവാസ് വ്യക്തമാക്കി.

പി കെ നവാസിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു…

“ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്”
“വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്”
“കുടുംബം ഒരു മോശം സ്ഥലമാണ്”
“എൻ്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്”
(ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്)
ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾ തീരുമാനിച്ചത്. തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്. കൂട്ടിച്ചേർക്കൽ:- ക്ഷണിച്ചത് യൂണിയനല്ല.

Merlin Antony :