എല്ലാവരും ഇടപെട്ടാല്‍ മാത്രമേ ഇതിന് അകത്ത് ഒരു മാറ്റം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു! ഡബ്ല്യുസിസിയിലെ ആ സ്ഥാപക അംഗ നടി ആര്? പ്രതികരിച്ച് ഭാഗ്യലക്ഷ്മി

അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ, ആഗസ്റ്റ് 19 നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മലയാള സിനിമ ഇന്റസ്ട്രിയെ അങ്ങേയറ്റം നാണംകെടുത്തുന്ന തരത്തിലാണ് റിപ്പോര്‍ട്ടിലെ ഓരോ വെളിപ്പെടുത്തലുകളും. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ പലരും പ്രതികരിച്ചും തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. തന്റെ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി ഇതിപ്പോൾ. ഇവിടെ കുറേ വലിയ രാജാക്കന്മാർ ഉണ്ടല്ലോ. അവരൊക്കെ ആരോടൊപ്പമാണ് നില്‍ക്കുന്നത്, കുറ്റവാളിയോടൊപ്പം. നമ്മള്‍ അതിജീവിതയോടൊപ്പം നില്‍ക്കുന്നു. സ്വാഭാവികമായും നമ്മളെ മാറ്റി നിർത്തുന്നു. എന്ന് കരുതി ഞാന്‍ മാറി നില്‍ക്കില്ല. ഞാന്‍ ഇനിയും അതിജീവിതമാരോടൊപ്പം നില്‍ക്കുമെന്നും ഭാഗ്യ ലക്ഷ്മി വ്യക്തമാക്കുന്നു. ഈ രംഗത്തേക്ക് ഓരോ പടിയായി കയറി വന്ന വ്യക്തിയാണ് ഞാന്‍. ഒരു സിനിമയില്‍ ഞാന്‍ ഡബ്ബ് ചെയ്യാന്‍ പോയിരുന്നു. എന്നാല്‍ ആ സംവിധായകന്‍ പറഞ്ഞത് അനുസരിക്കാത്തതുകൊണ്ട് പകുതി വരെ ഡബ്ബ് ചെയ്ത സിനിമയില്‍ നിന്നും എന്നെ പുറത്ത് ഇറക്കിവിട്ടിട്ടുണ്ട്.

ഞാന്‍ നിശബ്ദമായി അവിടെ നിന്നും ഇറങ്ങിപ്പോവുകയാണ് ചെയ്തത്. എന്നാല്‍ അതുകൊണ്ട് എന്നെ സിനിമയില്‍ നിന്നും ഇല്ലാതാക്കാന്‍ സാധിച്ചില്ല. വേറൊരു സംവിധായകന്‍ എന്നോട് മോശമായി സംസാരിച്ചു. അതിനെതിരെ ഞാന്‍ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചു. അവിടെ സ്ത്രീ ഡബ്ബിങ് ആർട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ ഒറ്റക്കെട്ടായി എന്നെ ആക്രമിക്കാന്‍ വന്നു. അവസാനം എംവിഎം സ്റ്റുഡിയോയുടെ മുതലാളിയാണ് എന്നെ വണ്ടിയില്‍ കയറ്റി പുറത്തെത്തിച്ചത്. ഞാന്‍ പകുതിയോളം പ്രവർത്തിച്ച ആ സിനിമ പിന്നീട് പൂർത്തിയാക്കുന്നത് മറ്റൊരു സ്ത്രീയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഒരോ നായികമാരും തനിക്ക് താഴെ ജോലി ചെയ്യുന്ന സ്ത്രീകളോടൊപ്പം നില്‍ക്കണം.

അവർ ആക്രമിക്കപ്പെടുമ്പോഴും നല്ല ഭക്ഷണവും താമസ സൌകര്യം ഇല്ലെങ്കിലും എല്ലാവരും ഇടപെടണം. എല്ലാവരും ഇടപെട്ടാല്‍ മാത്രമേ ഇതിന് അകത്ത് ഒരു മാറ്റം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളുവെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. അതേസമയം റിപ്പോർട്ടില്‍ പരാമർശിച്ച ഡബ്ല്യുസിസിയിലെ പ്രാഥമിക അംഗത്തിന്റെ പേര് ഇവർ പുറത്ത് വിടണമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ആ സ്ഥാപക അം​ഗത്തിന്റെ പേര് പുറത്ത് വിടണമായിരുന്നു. ആ വിഷയം പീഡനം ഒന്നുമല്ല.

അത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. എന്തായാലും അതുപോട്ടെ, അതിനെ ചോദ്യം ചെയ്യുന്നില്ല. ഇവിടെയുള്ള സ്ത്രീകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്താൻ വേണ്ടിയാണ് ഹേമ കമ്മിറ്റിയും ഡബ്ല്യുസിസിയും രൂപീകരിച്ചത്. ഇതിനെല്ലാം മുന്നിൽ നിന്നവർ ഇപ്പോൾ സഹകരിക്കുന്നില്ലെങ്കിൽ അവരുടെ പേര് പറയണം. ഇവിടെ അവരുടെ പേര് പോലും ആരും പറയുന്നില്ല. അപ്പോൾ ഇവർ ആരെയാണ് ഭയപ്പെടുന്നത്. അവർ ഇവർക്ക് സിനിമയൊന്നും കൊടുക്കുന്നില്ലാലോ. ശക്തമായിട്ട് ആ പേര് പുറത്ത് പറയട്ടെ എല്ലാത്തിനും എല്ലാവർക്കും ഒരു രഹസ്യവും മൂടി വെക്കലും. അങ്ങനെ നമുക്ക് ഒരു തൊഴില്‍ ചെയ്യാന്‍ പറ്റില്ല. ഭാ​ഗ്യലക്ഷ്മിയെ പോലെ പ്രതികരിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ ഭാ​ഗ്യലക്ഷ്മി ഒന്നുമാവാതിരുന്ന സമയത്തും പ്രതികരിച്ച ആളാണ്. ഞാൻ ഡബ്ല്യുസിസിയിലെ അം​ഗമല്ല. എന്നെ അവർ അതിൽ കൂട്ടിയിട്ടും ഇല്ല. എനിക്കതിന് താൽപര്യവുമില്ല. ഡബ്ല്യു സി സിയിലെ അംഗമല്ലാതിരുന്നിട്ടും ഞാന്‍ ഡബ്ബ് ചെയ്തിട്ട് അഞ്ച് വർഷമായി. പക്ഷെ ഞാന്‍ അതൊരു പ്രശ്നമായി കാണുന്നില്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർക്കുന്നു.

Merlin Antony :