ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കോമ്പോ ആയിരുന്നു ശ്രീതുവും അർജുനും. സാവധാനം കൂട്ടായി പിന്നീട് വളരെ വലിയ ആത്മബന്ധം പുലർത്തിയവരാണ് ഇരുവരും. ഈ കൂട്ടുകെട്ടിനെ ‘ശ്രീജുൻ’ എന്ന പേരിലായിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്. ശ്രീതുവും അർജുനും ഒരുമിച്ചുള്ള രംഗങ്ങളെല്ലാം കോർത്തിണക്കി ആരാധകർ റീലുകൾ ആഘോഷിച്ചു. ഷോ അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ പേർക്ക് അറിയേണ്ടിയിരുന്നത് ഇരുവരുടേതും പ്രണയമാണോയെന്നായിരുന്നു. അർജുനും ശ്രീതുവും പ്രണയത്തിലാണ് എന്ന തരത്തിലാണ് ഫാൻസ് ആഘോഷമാക്കിയതെങ്കിലും തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് അർജുനും ശ്രീതുവും പുറത്ത് വന്നതിന് ശേഷം പറയുന്നത്. ഇപ്പോഴിതാ അർജുനുമായുള്ള കോമ്പോയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുകയാണ് ശ്രീതു.
അർജുനുമായുള്ള കോമ്പോയെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്തുകൊണ്ട് അർജുനെക്കുറിച്ച് മാത്രം ചോദിക്കുന്നുവെന്നായിരുന്നു ചിരിച്ചു കൊണ്ട് ശ്രീതു ചോദിച്ചത്. അർജുനുമായി മാത്രല്ല, അവിടെ നിരവധി ആളുകളുമായി നല്ല ബോണ്ട് ഉണ്ടായിരുന്നു. ശരണ്യ, റസ്മിന്‍ അതുപോലെ അർജുനും. ഞങ്ങളുടെ കോംമ്പോ പുറത്തുള്ളവർ വലിയ രീതിയില്‍ ആഘോഷിച്ചിട്ടുണ്ട്. ശ്രീജുന്‍ എന്ന പേരില്‍ ആളുകള്‍ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ചില വീഡിയോകളൊക്കെ കണ്ടിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണ്. അത്തരമൊരു ബോണ്ട് ഇരുവർക്കും ഇടയിലുണ്ട്. പുറത്ത് അത് എങ്ങനെ പോകുന്നുവെന്ന് അറിയില്ലായിരുന്നു. പുറത്ത് നിന്ന് നോക്കുമ്പോള്‍ അങ്ങനെ തോന്നുകയും ചെയ്യും. ഞാനും അർജുനും നല്ല കൂട്ടുകെട്ടുണ്ട്. അല്ലതെ ഞങ്ങള്‍ തമ്മില്‍ പ്രണയ ബന്ധമോ റിലേഷന്‍ഷിപ്പോ ഇല്ല. വെറും സുഹൃത്തുക്കള്‍ മാത്രം. പുറത്ത് എങ്ങനെയാണോ അത് പോലെ തന്നെയാണ് അകത്തും പെരുമാറിയത്. അവിടെ ദേഷ്യം വരുമ്പോള്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. എന്നുവെച്ച് എല്ലാ വിഷയങ്ങളിലും കയറി ഇടപെടാറില്ല. ഞാനുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രതികരിക്കാറുള്ളതെന്നും ശ്രീതു വ്യക്തമാക്കുന്നത്. ഞാനുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും അവിടെ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ദേഷ്യപ്പെട്ടും അല്ലാതെയും പ്രതികരിച്ചിട്ടുണ്ട്. ഒരു പക്ഷെ ക്യാപ്റ്റന്‍സി സമയത്ത് പ്രതികരിച്ചത് മാത്രമായിരിക്കും ആളുകള്‍ കൂടുതല്‍ ശ്രദ്ധിച്ചിട്ടുണ്ടാകുക. അല്ലാതെ തന്നെ ഞാനുമായി ബന്ധപ്പെട്ട മറ്റ് ചെറിയ വിഷയങ്ങളും അവിടെ നടന്നിട്ടുണ്ടെന്നും ശ്രീതു പറഞ്ഞു.