എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്! ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ തീർച്ചയായും വസ്‌തുത ഉണ്ടാവും.. വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണം- അൻസിബ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ള വേട്ടക്കാർ ആരായാലും അവരെ പുറംലോകം അറിയണമെന്നും അഴിക്കുള്ളിൽ ആവണമെന്നും അമ്മ എക്‌സിക്യൂട്ടീവ് മെമ്പർ കൂടിയായ അൻസിബ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താര സംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭിന്നത തുടരുകയാണ്. നടനും ‘അമ്മ’ വൈസ് പ്രസിഡന്റുമായ ജഗദീഷിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതൽ ഭാരവാഹികൾ മുന്നോട്ട് വരുമെന്നാണ് സൂചന. പ്രമുഖ ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത്തിനെതിരെ നടത്തിയ ആരോപണങ്ങളിലും താരം തന്റെ നിലപാട് അറിയിച്ചു.

ഈ സംഭവത്തിൽ താൻ ഇരയ്‌ക്കൊപ്പം നിൽക്കുകയാണെന്നായിരുന്നു അൻസിബ എടുത്ത നിലപാട്. ഈ ആരോപണത്തിൽ തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി എടുക്കണമെന്ന് അൻസിബ ഹസൻ ആവശ്യപ്പെട്ടു. കൃത്യമായ തെളിവുണ്ടെങ്കിൽ ആർക്കെതിരെ ആണെങ്കിലും ശക്തമായ നടപടിയെടുക്കണമെന്നും താരം ആവർത്തിച്ചു. ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ തീർച്ചയായും വസ്‌തുത ഉണ്ടാവും. റിപ്പോർട്ട് ഗൗരവത്തോടെയാണ് കാണുന്നത്. ഉത്തരവാദിത്തപ്പെട്ട ആളുകൾ വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണമെന്നും അൻസിബ ഹസൻ ആവശ്യപ്പെട്ടു. തനിക്കും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അൻസിബ ചൂണ്ടിക്കാട്ടി. മോശം മെസേജ് അയച്ചൊരാൾക്ക് കൃത്യമായ മറുപടി കൊടുത്തിരുന്നു. എങ്കിലും മറുപടിയിൽ വിഷയം അവസാനിപ്പിച്ചുവെന്നും പിന്നീട് ഇക്കാര്യത്തിൽ കൂടുതൽ പരാതിപ്പെടാൻ പോയില്ലെന്നും അൻസിബ പറഞ്ഞു.

Merlin Antony :