ഇന്ന് മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് ഫിയോക്ക്. ഇന്ന് റിലീസ് ചെയ്യേണ്ട രണ്ട് ചിത്രങ്ങൾ നേരത്തെ തന്നെ മാറ്റിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കാത്ത നിർമ്മാതാക്കളുടെ സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്നതാണ് നിലപാട്. സ്വന്തമായി പ്രൊജക്ടർ വാങ്ങിയില്ലെന്ന പേരിൽ ഏതെങ്കിലും തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ നൽകിയില്ലെങ്കിൽ ആ സിനിമ ഫിയോക്കിന്റെ കീഴിലുള്ള ഒരു തിയേറ്ററിലും ഇന്ന് മുതൽ പ്രദർശിപ്പിക്കില്ല. പ്രൊജക്ടറുകളുടെ വില ഉയരുന്നതിനാൽ ഇവ വാങ്ങാൻ അസാധ്യമാണെന്ന് ഫിയോക്ക് പറയുന്നു. സിനിമ 20-30 കഴിയുമ്പോൾ തന്നെ ഒടിടിയിൽ പ്രദർശിപ്പിക്കുന്നു.
ഈ സാഹചര്യത്തിൽ ഒരാൾ തിയേറ്ററിലെത്തി സിനിമ എങ്ങനെ കാണുമെന്നും ഫിയോക്ക് ചോദ്യം ഉന്നയിച്ചിരുന്നു. തിയേറ്റർ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണണം തുടങ്ങിയവയാണ് ഇവരുടെ ആവശ്യം. സിനിമ റിലീസ് ചെയ്ത് 40 ദിവസത്തിന് ശേഷം മാത്രമേ ഒടിടി റീലീസ് അനുവദിക്കാവൂ എന്നാണ് കരാർ. എന്നാൽ തുടർച്ചയായി കരാർ ലംഘിക്കുന്നു. അനുകൂല പ്രതികരണം ലഭിക്കുന്നത് വരെ ഈ തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് ഫിയോക്കിന്റെ നിലപാട്.