ഇനി അവനുണ്ടാകും എനിക്കൊപ്പം… എന്നെ മനസിലാക്കി…എനിക്ക് കൂട്ടായി…എന്റെ നല്ലപാതിയായി!! ജീവിതത്തിലേയ്ക്ക് കൈപിടിച്ച്‌ ട്രാന്‍സ് നവദമ്ബതികള്‍

കേരളത്തിലെ ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളായിരുന്നു തിരുവനന്തപുരം സ്വദേശികളായ സൂര്യയും ഇഷാന്‍ കെ.ഷാനും. കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ നടത്തിയ വിവാഹം ‘ട്രാൻസ് കൂട്ടായിമയിലെ അംഗങ്ങൾ ആഘോഷമാക്കിയിരുന്നു. തിരുവനന്തപുരം മന്നം മെമ്മോറിയൽ ഹാളിൽ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ അവർക്ക് പിന്നാലെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചിരിക്കുകയാണ് തൃപ്തിയും ഹൃതിക്കും. കേരളത്തിലെ രണ്ടാമത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്ബതികളാണ് ഇവര്‍. ‘ഈ ലോകത്ത് എല്ലാം തികഞ്ഞ എത്ര പേരുണ്ട്? ദൈവം എന്തെങ്കിലും പരിമിതികള്‍ ഉള്ള ആരെങ്കിലുമൊക്കെ കാണില്ലേ.

അതു കൊണ്ട് എന്റെ കുറവിനെ അവനും അവന്റെ കുറവിനെ ഞാനും അങ്ങ് പൊരുത്തപ്പെട്ടു. ഇനി അവനുണ്ടാകും എനിക്കൊപ്പം… എന്നെ മനസിലാക്കി…എനിക്ക് കൂട്ടായി…എന്റെ നല്ലപാതിയായി’, തൃപ്തി പറയുന്നു. പുതുപ്പെണ്ണായി തൃപ്തിയും നവവരനായി ഹൃതിക്കും എത്തിയപ്പോള്‍ പലരും അത്ഭുതത്തോടെ നോക്കി നിന്നു. മറ്റുള്ളവര്‍ കൈയ്യടികളോടെ സ്വീകരിച്ചു. മറ്റ് ചിലരുടെ മനസും കണ്ണും നിറഞ്ഞു. രണ്ട് ഹൃദയങ്ങളുടെ കൂടിച്ചേരലാണിതെന്ന് ഒറ്റവാക്കില്‍ തൃപ്തി പറയുന്നു. കൊച്ചിയിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്, ശേഷം സ്വകാര്യ ഹോട്ടലില്‍ വെച്ച്‌ വിവാഹ സത്കാരവും നടന്നു. ‘കൊച്ചിയില്‍ എന്റെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം നടക്കുന്നതിനിടയിലാണ് ഹൃതിക്കിനെ പരിചയപ്പെടുന്നത്. പുള്ളിക്കാരനാണ് പ്രണയം ആദ്യം തുറന്നു പറഞ്ഞത്.

സത്യം പറയാല്ലോ അന്നേരം പ്രണയം, വിവാഹം എന്നിങ്ങനെ ഒരു ഐഡിയയും മനസില്‍ ഇല്ലായിരുന്നു. സ്‌നേഹത്തോടെ തന്നെ ആ പ്രണയാഭ്യാര്‍ത്ഥന വേണ്ടെന്നു വച്ചു. സംരംഭക എന്ന നിലയില്‍ വേരുറപ്പിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ ഒരു കൂട്ടില്ലാതെ ബിസിനസ് മാത്രം തലയിലേറ്റി എത്രകാലം പോകും എന്ന ചിന്ത വന്നു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഒത്തിരി നിര്‍ബന്ധിച്ചു. വിവാഹിതയാകാന്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്. ഒന്നും ആലോചിച്ചില്ല കണ്ണുംപൂട്ടി ഹൃതികിന്റെ പ്രണയം ഞാന്‍ സ്വീകരിച്ചു’, തൃപ്തി പറയുന്നു. ‘ഈ നാട്ടില്‍ അന്തസോടെ തന്നെ ജീവിക്കും. തങ്ങളെ അച്ഛനെന്നും അമ്മയെന്നും വിളിക്കാന്‍ രണ്ട് കുട്ടികളെ ദത്തെടുക്കും’, ഉറച്ച നിലപാട് തൃപ്തി വ്യക്തമാക്കി. ട്രാൻസ് പുരുഷൻ, ട്രാൻസ് സ്ത്രീ എന്നീ തിരിച്ചറിയൽ രേഖ സമർപ്പിച്ച് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ആണ് വിവാഹം രജിസ്റ്റർ ചെയ്തത്. നിയമപരമായ വിവാഹം ഒരുമിക്കാന്‍ കൊതിക്കുന്ന ട്രാന്‍സ്‍ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്ക് പ്രചോദനമാകട്ടെയെന്നാണ് വരന്റെയും വധുവിന്റെയും ആശംസ.

Sruthi S :