ഇത് എതുക്ക് അക്കാ ഗിഫ്റ്റാ ? ശ്രീനാഥ് ഭാസിക്ക് ‘മഞ്ഞുമ്മല്‍ ബോയ്സ്’ ആരാധികയുടെ സ്നേഹസമ്മാനം

സിനിമയുടെ വിജയത്തിനെതിരെ തമിഴ്നാട്ടില്‍ നിന്നകടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും മികച്ച പ്രേക്ഷക പിന്തുണയുമായി മഞ്ഞുമ്മല്‍ ബോയ്സ് തെന്നിന്ത്യയില്‍ പ്രദര്‍ശനം തുടരുകയാണ്. കമല്‍ഹാസന്‍ ചിത്രം ഗുണയിലെ ഇളയരാജ സംഗീതം നല്‍കിയ ‘കണ്‍മണി അന്‍പോടു കാതലന്‍’ എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്സിനെ തമിഴ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കി. കഥയും തിരക്കഥയും അഭിനയവും അവതരണവുമെല്ലാമായി പുതിയൊരു സിനിമ അനുഭവം തന്നെ ചിത്രം തമിഴ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. സിനിമയെ മാത്രമല്ല സിനിമയിലെ അഭിനേതാക്കള്‍ക്കും തമിഴകത്ത് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രമായെത്തിയ ശ്രീനാഥ് ഭാസിക്ക് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ആരാധികയായ ഒരു തമിഴ് യുവതി നല്‍കിയ സമ്മാനമാണ് വൈറലായിരിക്കുന്നത്. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കായി തമിഴ്നാട്ടിലെത്തിയ ശ്രീനാഥ് ഭാസിക്ക് കച്ചവടക്കാരിയായ യുവതി ഒരു കൂള്‍ ഡ്രിംഗ്സ് ബോട്ടിലാണ് സമ്മാനമായി നല്‍കിയത്. ഇത് എതുക്ക് അക്കാ ഗിഫ്റ്റാ ?’ എന്ന് ശ്രീനാഥ് ഭാസി ചോദിക്കുമ്പോള്‍ ‘‘നല്ല നടിച്ചത്ക്ക്’ എന്നാണ് യുവതി മറുപടി നല്‍കിയത്. ആരാധികയുടെ സ്നേഹസമ്മാനം താരം നന്ദിയോടെ സ്വീകരിക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Merlin Antony :