സിനിമ താരങ്ങളെ സ്നേഹിക്കുന്നവരാണ് കൂടുതൽ. ചിലപ്പോൾ ഇഷ്ടം, ചിലർക്ക് ആരാധന, ചിലരാകട്ടെ സ്വന്തക്കാരെന്ന പോലെ കണ്ട് സ്നേഹിക്കും. അത്തരത്തിൽ നടി മഞ്ജു വാര്യരെ സ്വന്തം ചേച്ചിയായി കണ്ട് സ്നേഹിക്കുന്ന ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. വൈശാഖ് എന്ന ആരാധകൻറേതാണ് കുറിപ്പ്. നടി മഞ്ജുവും കുറിപ്പ് പങ്കിട്ടിട്ടുണ്ട്. മാത്രമല്ല ഇത് മനസിൽ തൊട്ടുവെന്ന് നടി പറയുകയൂം ചെയ്തു. എന്നാലിപ്പോൾ ചർച്ച മഞ്ജു വാര്യർ പങ്കുവെച്ചത് മീനാക്ഷിയെ കുറിച്ചായിരുന്നു എന്ന രീതിയിലായിരുന്നു. എന്നാൽ അങ്ങനെയല്ല നടി പറഞ്ഞ ആ അനിയൻ ഇതാണ്. വൈശാഖിന്റെ ചേച്ചി മരിച്ചുപോയിരുന്നു. ഈ സ്ഥാനത്ത് വീട്ടുകാർ കാണിച്ചുകൊടുത്തത് മഞ്ജുവിനെയാണ്, അങ്ങനെ ചേച്ചിയായി വൈശാഖ് മഞ്ജുവിനെ സ്നേഹിച്ചു. ഒടുവിൽ നേരിട്ട് കാണുകയും ചെയ്തു. ആ സ്നേഹ ബന്ധത്തിന്റെ കഥ ഇങ്ങനെയാണ്..
അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആ കാര്യം സംഭവിച്ചു. കുഞ്ഞുന്നാൾ മുതൽ ചേച്ചിയെന്ന് കരുതി ഇഷ്ടപ്പെട്ട് തുടങ്ങിയ ആ മുഖം. ഓർമ്മ വെച്ച നാൾ മുതൽ സ്വന്തം ചേച്ചിയല്ലെന്ന അറിവ് വന്നിട്ട് പോലും ആ ഇഷ്ടത്തിന് ഒരു മാറ്റം സംഭവിക്കാതെ എന്റെ വളർച്ചക്ക് ഒപ്പം കൂടി കൂടി വന്ന ആ ഇഷ്ടത്തിന് ഇന്ന് എന്റെ ജീവിതത്തിന്റെ വലിപ്പമുണ്ട്. ചേച്ചി എന്ന് കേൾക്കുമ്പോഴും പറയുമ്പോഴും ആദ്യം കയറി വരുന്ന ആ മുഖം പക്ഷേ നേരിൽ കാണുക എന്നുള്ളത് ഒരു ആഗ്രഹം മാത്രമായി ഒതുങ്ങിപ്പോയ ഒന്നായിരുന്നു. പുള്ളിലെ വാരിയം വീടിന്റെ ഉമ്മറത്ത് എത്തിയിട്ട് പോലും അതിന് ഭാഗ്യം ലഭിച്ചിരുന്നില്ല. ചേച്ചിയെ ആദ്യമായി കാണുമ്പോൾ വെറുമൊരു ആരാധകനായി അവര് കാണരുത് എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. എന്താണ് എനിക്ക് അവരെന്ന് അറിഞ്ഞിട്ട് വേണം അത് സംഭവിക്കണം എന്നുണ്ടായിരുന്നു. അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് അത് സംഭവിച്ചു. എന്റെ ഈ ആഗ്രഹങ്ങൾ അറിയാമായിരുന്ന എന്റെ പ്രിയസുഹൃത്തുക്കൾ അതിന് അവസരം ഒരുക്കി തന്നു. അങ്ങനെ എനിക്കും മഞ്ജു ചേച്ചിക്കും സർപ്രൈസ് ഒരുക്കി കൊണ്ട് അവര് ആ മുഹൂർത്തം ഒരുക്കി. ചേച്ചിയുടെ പുതിയ സിനിമയായി ഫൂട്ടേജിന്റെ പ്രമോഷൻ പരിപാടികൾക്കിടെ ആ അവസരം ഒരുക്കി. അങ്ങനെ ആദ്യമായി ചേച്ചിയെ കണ്ടു.
അവര് എനിക്ക് ആരാണ് എന്നുള്ളത് ചേച്ചി അറിഞ്ഞു തന്നെ കണ്ടു. ടെൻഷൻ കൊണ്ടും എക്സൈറ്റ്മെന്റ് കൊണ്ടും എന്താണ് പറയേണ്ടത് എന്നോ ഒന്നും തന്നെ അറിയില്ലായിരുന്നു മൊത്തം വേറൊരു ലോകത്ത് ആയിരുന്നു മനസ്സ് മുഴുവൻ. അങ്ങനെ ചേച്ചി എന്നെ ചേർത്തു പിടിച്ചു കൊണ്ട് സ്വന്തം ചേച്ചിയായി തന്നെ കണ്ടോളൂ എന്ന് പറഞ്ഞു കൊണ്ട് ചേർത്ത് പിടിച്ചു. ഇനിയുള്ള ഇന്റർവ്യൂ നീ എടുക്കണം എന്നും പറഞ്ഞു. ഫൂട്ടേജിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരുടെ സ്നേഹവും ഒരുപാട് സന്തോഷം നൽകി.
ഏറെ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ഒരുപാട് ഒരുപാട് സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു ഈ മൊമന്റ്. ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യത്തിന്റെ സാക്ഷാത്കാരം. എന്ത് പറഞ്ഞാലും മതി വരില്ല. കൂടുതൽ ഒന്നും പറയാൻ കഴിയുന്നുമില്ല ഇപ്പോഴും ആ നിമിഷത്തിന്റെ എഫക്ട് മാറിയിട്ടില്ല. കൂടെ നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. അതിലെല്ലാമുപരി ചേർത്തു നിർത്തിയ പ്രിയപ്പെട്ട @manju.warrier ചേച്ചിയോട് എന്ത് പറഞ്ഞാലും മതിയാവില്ല. ഒരുപാട് ഒരുപാട് സ്നേഹം മാത്രം. എന്ന് പറഞ്ഞു കൊണ്ടായിരുന്നു കുറിപ്പ് അവസാനിച്ചത്.