ആർഡിഎക്സ് സിനിമ നിർമാതാക്കൾ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്

സിനിമയ്‌ക്കായി മുടക്കിയ പണത്തിൻ്റെ ലാഭവിഹിതമോ കണക്കോ നൽകിയില്ലെന്ന പരാതിയിൽ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്. ചിത്രത്തിന്റെ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഞ്ജന എബ്രഹാം നൽകിയ പരാതിയിൽ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 6 കോടി രൂപ ചിത്രത്തിന് വേണ്ടി മുടക്കിയെന്നും 30% ലാഭവിഹിതമോ മുടക്കിയ പണമോ തിരിച്ചുനൽകിയില്ലെന്നും കാണിച്ചായിരുന്നു അഞ്ജന എബ്രഹാമിന്റെ പരാതി. തൃപ്പൂണിത്തുറ ഹിൽ പാലസിൽ നേരത്തെ പരാതി നൽകിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാതിരുന്നതുകൊണ്ടാണ് അഞ്ജന എബ്രഹാം കോടതിയിൽ ഹർജി നൽകിയത്.

Merlin Antony :