അയോധ്യയിലേക്ക് നിരവധി സിനിമാ താരങ്ങൾക്ക് ക്ഷണമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇപ്പോഴിതാ അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനീകാന്ത് ജനുവരി 21 ന് അയോധ്യയിലെക്ക് പുറപ്പെടുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇദ്ദേഹത്തിനൊപ്പം ഭാര്യയും സഹോദരനുമുണ്ടാകും. കഴിഞ്ഞ ദിവസം ആർഎസ്എസ് നേതാക്കൾ രജനീകാന്തിന് ക്ഷണക്കത്ത് കൈമാറിയിരുന്നു. ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി രജനികാന്തിന്റെ വസതിയിൽ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇതിന്റെ ഫോട്ടോകൾ അര്‍ജുനമൂര്‍ത്തി സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചിരുന്നു.
‘ഇന്നത്തെ സംഭവം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. നമ്മുടെ പ്രിയ നേതാവ് രജനികാന്തിനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വസതിയിലെത്തി അയോധ്യ കുംഭാഭിഷേകത്തിനായി ക്ഷണിച്ചു,’ എന്നാണ് അര്‍ജുനമൂര്‍ത്തി രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് കുറിച്ചത്.