ആദ്യമായിട്ടാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത്!! സന്തോഷം കൊണ്ട് കണ്ണീർ വരുന്നു- ആർഎൽവി രാമകൃഷ്ണൻ

കേരള കലാമണ്ഡലത്തിൽ നിന്ന് നൃത്താവതരണത്തിന് ക്ഷണം ലഭിച്ചതിൽ വൈകാരികമായി പ്രതികരിച്ച് ഡോ. ആർഎൽവി രാമകൃഷ്ണൻ. ആദ്യമായിട്ടാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. ഏതൊരു കലാകാരനും ആഗ്രഹിക്കുന്ന വേദിയാണ് കലാമണ്ഡലത്തിലെ കൂത്തമ്പലം. ഏറ്റവും വലിയ ആഗ്രഹമാണ് ഇത്രയും കാലത്തിനു ശേഷം സാധ്യമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തിലാണ് അദ്ദേഹം മോഹിനിയാട്ടം അവതരിപ്പിക്കുക.

‘ശിഷ്യരടക്കം അവിടെ നൃത്തം അവതരിപ്പിക്കുമ്പോൾ ഞാൻ കാണികൾക്കിടയിൽ ഇരുന്നിട്ടുണ്ട്. ഇപ്പോൾ കലാമണ്ഡലത്തിലെ എസ്എഫ്ഐ വിദ്യാർത്ഥികളാണ് അവസരം ഒരുക്കുന്നത്. സന്തോഷം കൊണ്ട് കണ്ണീർ വരുന്നു’- അദ്ദേഹം പ്രതികരിച്ചു. കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അധിക്ഷേപ പരാമർശനത്തിന് പ്രകടനമാണ് മറുപടി. കല ആരുടേയും കുത്തകയല്ലെന്നും ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ. സൗന്ദര്യമുള്ള പുരുഷന്മാർ ആണ് മോഹിനിയാട്ടം കളിക്കേണ്ടത്. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞിരുന്നു.

Merlin Antony :