ആഗോളതലത്തിൽ വെറും നാലുദിവസം കൊണ്ട് പൃഥ്വിരാജ് നായകനായി ബ്ളെസി സംവിധാനം ചെയ്ത ആടുജീവിതം 50 കോടി ക്ലബിൽ

പൃഥ്വിരാജ് നായകനായി ബ്ളെസി സംവിധാനം ചെയ്ത ആടുജീവിതം 50 കോടി ക്ലബിൽ . ആഗോളതലത്തിൽ വെറും നാലുദിവസം കൊണ്ടാണ് ആടുജീവിതം ഈ നേട്ടം കൈവരിച്ചത്. മലയാളത്തിൽ നിന്ന് വേഗത്തിൽ 50 കോടി ക്ളബിൽ എത്തിയ മലയാള സിനിമ എന്ന റെക്കോർഡും ആടുജീവിതത്തിന് സ്വന്തം. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ റെക്കോർഡാണ് ആടുജീവിതം തകർത്തത്. ലൂസിഫറും വെറും നാലുദിവസം കൊണ്ട് 50 കോടി ക്ളബിൽ എത്തിയിരുന്നു. എന്നാൽ ആടുജീവിതം അഡ്വാൻസ് ടിക്കറ്റ് വിൽപനയുടെ കണക്കുകൾ വ്യക്തമായപ്പോഴേ 50 കോടി ക്ളബിൽ എത്തിയിരുന്നു. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ ആടുജീവിതം സ്വന്തമാക്കി.കേരളത്തിൽ നിന്ന് മാത്രം 5.83 കോടി നേടി എന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.ആടുജീവിതത്തിലൂടെ പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചുവെന്നാണ് വിശേഷിക്കപ്പെടുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസി തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. പൃഥ്വിരാജിനൊപ്പം ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ.ആർ. ഗോകുലും കൈയടിയും പ്രശസ്തിയും ഏറ്റുവാങ്ങുന്നു. കോഴിക്കോടൻ നാടക വേദിയുടെ പുതിയ സംഭാവനയാണ് കെ.ആർ. ഗോകുൽ. സൈനു എന്ന നായിക കഥാപാത്രമായി എത്തി അമലപോളും മികച്ച പ്രകടനം കാഴ്ചവച്ചു. 160 ന് മുകളിൽ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടിവന്നത്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മിന്നുന്ന പ്രകടനത്തിൽ . സുനിൽ കെ.എസ്. ആണ് ഛായാഗ്രഹണം. റസൂൽ പൂക്കുട്ടി ശബ്ദലേഖനം നിർവഹിക്കുന്നു. എ.ആർ. റഹ്മാനാണ് സംഗീതം. എഡിറ്റിംഗ് ശ്രീകർ പ്രസാദും. വിഷ്വൽ റൊമാൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ആടുജീവിതം.

Merlin Antony :