അഖില്‍ മാരാറിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയെന്ന കുറ്റത്തിന് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. 81 കോടി രൂപ ലാപ്ടോപ്പ് വാങ്ങിക്കാൻ കെ എസ് എഫ് ഇ യ്ക്ക് നൽകി എന്നത് അടക്കമുള്ള നിരവധി ആരോപണങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്. എന്നാൽ കേസില്‍ അഖില്‍ മാരാർ കഴിഞ്ഞ ദിവസം മുന്‍കൂർ ജാമ്യാപേക്ഷ തേടിയിരുന്നു . കൊല്ലം സിറ്റി സൈബര്‍ പൊലീസാണ് അഖില്‍ മാരാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

അഖിലിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നും താന്‍ വ്യക്തിപരമായി സഹായം നല്‍കുമെന്നും അഖില്‍ മാരാർ വ്യക്തമാക്കിയിരുന്നു. ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റി ചിലവഴിച്ചെന്ന ആരോപണവും അഖില്‍ മാരാർ നടത്തിയിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വരികയും ചെയ്തു.

Merlin Antony :