Tamil
സീരിയൽ നടൻ യുവൻരാജ് നേത്രൻ അന്തരിച്ചു
സീരിയൽ നടൻ യുവൻരാജ് നേത്രൻ അന്തരിച്ചു
പ്രശസ്ത തമിഴ് സീരിയൽ നടൻ യുവൻരാജ് നേത്രൻ അന്തരിച്ചു. കഴിഞ്ഞ ആറ് മാസക്കാലമായി അർബുദ ബാധിതനായിരുന്നു. ഇതിന്റെ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. സീരിയൽ നടിയായ ദീപയാണ് യുവൻരാജിന്റെ ഭാര്യ. അടുത്തിടെ യുവൻരാജ് ആശുപത്രിയിലാണെന്ന വിവരം മകൾ അബേനയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു.
അച്ഛൻ കാൻസർ പോസിറ്റീവാണ്. ശസ്ത്രക്രിയ കഴിഞ്ഞു. കരൾ തകരാറിലായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അച്ഛൻ വേഗം സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർഥിക്കണം എന്നായിരുന്നു അബേനയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 25 വർഷത്തോളമായി അഭിനയരംഗത്ത് സജീവമായിരുന്നു യുവൻ രാജ്.
ചില തമിഴ് ചിത്രങ്ങളിൽ സഹനടനായും വേഷമിട്ടു. നിരവധി റിയാലിറ്റി ഷോകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. സൺ ടിവിയിലെ ഡാൻസ് റിയാലിറ്റി ഷോയായ മസ്താന മസ്താനയിൽ വിജയി ആയിരുന്നു. നിലവിൽ സിംഗപ്പെണ്ണെ, രഞ്ജിതമേ തുടങ്ങിയ സീരിയലുകളിലാണ് യുവൻരാജ് അഭിനയിച്ചു കൊണ്ടിരുന്നത്. മറുധാനി എന്ന ഷോയിലൂടെയാണ് ശ്രദ്ധേയനാകുന്നത്.