general
വാണിയമ്മയ്ക്ക് പദ്മഭൂഷണ്‍ പ്രഖ്യാപിച്ചെങ്കിലും അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ഏറെയുണ്ട്, വാണി ജയറാമിനെ കുറിച്ച് യേശുദാസ്
വാണിയമ്മയ്ക്ക് പദ്മഭൂഷണ്‍ പ്രഖ്യാപിച്ചെങ്കിലും അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ഏറെയുണ്ട്, വാണി ജയറാമിനെ കുറിച്ച് യേശുദാസ്
പ്രിയ ഗായിക വാണി ജയറാമിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇതിനോടകം തന്നെ നിരവധി പേരാണ് ഗായികയ്ക്ക് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ വാണി ജയറാമിനെ കുറിച്ച് ഗാനഗന്ധര്‍വന്‍ യേശുദാസ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
വാണിയമ്മയുമൊത്ത് ഒട്ടേറെ ഗാനങ്ങള്‍ പാടാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. കന്നടയിലും തമിഴിലും തെലുങ്കിലും പാടിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ അവരോടൊത്തുള്ള മുഴുവന്‍ ഗാനങ്ങളും ശ്രോതാക്കള്‍ ഏറെ ഇഷ്ടപ്പെടുന്നവയായിരുന്നു. മലയാളത്തില്‍ ഞങ്ങള്‍ ആദ്യമായി ഒന്നിക്കുന്നത് ശ്രീകുമാരന്‍ തമ്പി എഴുതിയ ‘പ്രവാഹ’ത്തിലെ ‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു’ എന്ന പാട്ടിലൂടെയാണ്.
ഏറെ വൈകാതെ മലയാളത്തിലെ യുഗ്മഗാനങ്ങളുടെ പട്ടികയില്‍ എന്നും സൂപ്പര്‍ ഹിറ്റായി ജനങ്ങള്‍ ഏറ്റുപാടുന്ന ‘പിക്‌നിക്’ എന്ന ശശികുമാര്‍ സാറിന്റെ ചിത്രത്തിലെ ‘വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി’ എന്ന ഞങ്ങളുടെ രണ്ടാമത്തെ യുഗ്മഗാനവുമെത്തി. രണ്ടുഗാനങ്ങളും ശ്രീകുമാരന്‍ തമ്പിഎം.കെ. അര്‍ജുനന്‍ ജോഡികളുടേതാണെന്നതും എടുത്തുപറയേണ്ടതാണ്.
‘സൗരയൂഥത്തില്‍…’ എന്ന വാണിയമ്മയുടെ ആദ്യ മലയാള ഗാനം കേട്ട അന്നു തന്നെ ശ്രീകുമാരന്‍ തമ്പിയുടെ ആഗ്രഹമായിരുന്നു വാണിയമ്മയെക്കൊണ്ട് അടുത്ത ഗാനം പാടിക്കണമെന്നത്. തുടര്‍ന്ന് എത്രയോ ഗാനങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചുപാടി. വാണിയമ്മ ഏതുഗാനം പാടുമ്പോഴും അവരുടെ ശ്രുതി ശുദ്ധി ഒരു ആകര്‍ഷണംതന്നെയായിരുന്നു.
രാസലീല എന്ന ചിത്രത്തിലെ ആയില്യം പാടത്തെ പെണ്ണേ, പഞ്ചവര്‍ണക്കിളിവാലന്‍, കുറുമൊഴി കൂന്തലില്‍, എസ്.പി.ബി.ക്കും സുശീലാമ്മയ്ക്കുമൊപ്പം പാടിയ സര്‍പ്പം എന്ന ചിത്രത്തിലെ സ്വര്‍ണമീനിന്റെ, ദേവദാസിയിലെ ‘പൊന്നലയില്‍ അമ്മാനമാടി’, മഞ്ചാടിക്കുന്നില്‍, ‘പ്രേമഗീതങ്ങളി’ലെ മുത്തും മുടി പൊന്നും, രക്തം എന്ന സിനിമയിലെ ‘മഞ്ഞില്‍ ചേക്കേറും’, ‘പ്രേമാഭിഷേക’ത്തിലെ ദേവീശ്രീദേവി, മഴക്കാലമേഘം, ഒരു സ്വപ്നഹംസം, വീണേ നിന്നെ മീട്ടാന്‍… തുടങ്ങി എത്രയോ ഗാനങ്ങള്‍.
ഏറ്റവുമൊടുവിലായി ആറുവര്‍ഷംമുമ്പ് പാടിയ ‘പൂക്കള്‍ പനിനീര്‍ പൂക്കള്‍…’ എന്ന ഗാനത്തില്‍വരെ അവരുടെ ശബ്ദത്തിന്റെ മാധുര്യവും ശ്രുതിശുദ്ധതയും എടുത്തുപറയേണ്ട കാര്യമാണ്. പദ്മഭൂഷണ്‍ പ്രഖ്യാപിച്ചെങ്കിലും അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ഏറെയുണ്ട്. ശുദ്ധസംഗീതത്തിന് വാണിയമ്മ നല്‍കിയ സംഭാവനകള്‍ എന്നുമെന്നും സ്മരിക്കപ്പെടുകതന്നെ ചെയ്യും. ആ സംഗീതസ്മരണയ്ക്കുമുന്നില്‍ ആദരാഞ്ജലികള്‍ എന്നുമാണ് യേശുദാസ് പറയുന്നത്.