Malayalam
ഒരുപാട് നെഗറ്റീവ് കാര്യങ്ങൾ സിനിമയ്ക്ക് പിന്നിൽ നടന്നിട്ടുണ്ട്, അനാവശ്യമായി വലിയ വാദങ്ങൾ ഉന്നയിച്ചത് തിരിച്ചടിയായി; ഒടിയന് കിട്ടിയ വിമർശനങ്ങളെ കുറിച്ച് എന്റർടെയ്ൻമെന്റ് കൺസൽട്ടന്റ്
ഒരുപാട് നെഗറ്റീവ് കാര്യങ്ങൾ സിനിമയ്ക്ക് പിന്നിൽ നടന്നിട്ടുണ്ട്, അനാവശ്യമായി വലിയ വാദങ്ങൾ ഉന്നയിച്ചത് തിരിച്ചടിയായി; ഒടിയന് കിട്ടിയ വിമർശനങ്ങളെ കുറിച്ച് എന്റർടെയ്ൻമെന്റ് കൺസൽട്ടന്റ്
മോഹൻലാലും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഒടിയൻ. വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം, കഥയിലും അവതരണത്തിലും പുതിയൊരു പ്രമേയം കൊണ്ട് മലയാള പ്രേക്ഷകർക്ക് വലിയൊരു വിസ്മയം തന്നെയാണ് നൽകിയത്. ആഗോളതലത്തിൽ 2018 ഡിസംബർ പതിനാലിനാണ് വമ്പൻ റിലീസിനായി ഒടിയൻ എത്തുന്നത്.
എന്നാൽ ചിത്രം വിമർശനങ്ങളും ട്രോളുകളും ഏറ്റിവാങ്ങിയിരുന്നു. മോഹൻലാലിന്റെ കരിയറിൽ തുടരെ പരാജയങ്ങൾ വന്ന് തുടങ്ങുന്നത് ഈ സിനിമയ്ക്ക് ശേഷമാണെന്നാണ് ആരാധകർ പറയുന്നത്. ശ്രീകുമാർ മേനോന് ഇന്നും ഈ സിനിമയുടെ പേരിൽ വിമർശനം കേൾക്കാറുണ്ട്. ഈ സിനിമയിൽ ചെറുപ്പമായി എത്തുന്നതിന് വേണ്ടി വർക്കൗട്ടുകൾക്കൊപ്പം മോഹൻലാൽ ബോട്ടോക്സിൻ ഇൻഞെക്ഷൻ എടുത്തിരുന്നതായും വാർത്തകൾ ഉണ്ടായിരുന്നു.
ഈ ചിത്രത്തിന് ശേഷം താടി വടിച്ച ലുക്കിൽ മോഹൻലാൽ എത്തിയിട്ടില്ല. സിനിമാ രംഗത്ത് ശ്രീകുമാർ മേനോനെ പിന്നീട് കണ്ടിട്ടില്ല. പരസ്യ ചിത്രങ്ങളിലാണ് ഇദ്ദേഹമിപ്പോൾ ശ്രദ്ധ കൊടുക്കുന്നത്. ഇപ്പോഴിതാ ഒടിയൻ നേരിട്ട വിമർശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് എന്റർടെയ്ൻമെന്റ് കൺസൽട്ടന്റ് വിവേദ് രാമദേവൻ.
ആദ്യ ദിനം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാള സിനിമ ഇന്നും ഒടിയനാണ്. സിനിമയെ ബാധിച്ചത് മാർക്കറ്റിംഗാണോ സിനിമയാണോ എന്നത് ഡിബേറ്റ് ആകും. ഒടിയൻ നല്ല സിനിമയാണ്, എന്തിനാണ് ആളുകൾ വിമർശിക്കുന്നതെന്ന് ചിലർ ചോദിക്കും. അങ്ങനെയാണ് കൂടുതൽ പേരും പറയുന്നതെങ്കിൽ മാർക്കറ്റിംഗാണ് ബാധിച്ചത്. മുംബെെയിൽ ഇന്ന് ടീസറും ട്രെയ്ലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും സിനിമ തന്നെയും ടെസ്റ്റ് ചെയ്യുന്ന ഏജൻസികൾ ഇന്നുണ്ട്.
അതനുസരിച്ച് സിനിമ റീ ഷൂട്ട് ചെയ്യുകയും റീ എഡിറ്റ് ചെയ്യുകയും ചെയ്യും. ഇതിന് പിന്നിൽ സയന്റിഫിക് പ്രോസസുണ്ട്. നമ്മുടെ ആൾക്കാർ സിനിമ റെഡിയാക്കുന്നത് തലേ ദിവസമാണ്. സംവിധായകനാണ് സിനിമയുടെ ടൈറ്റിൽ തീരുമാനിക്കുന്നത്. ഒടിയനെ പോലെ മറ്റൊരു ഉദാഹരണമാണ് കൊത്ത.
ഓവർ ഹൈപ് ബിൽഡിംഗ് എന്നൊന്നില്ല. ഒടിയന്റെ മാർക്കറ്റിംഗിന്റെ ഭാഗമായിരുന്നില്ല. പക്ഷെ ശ്രീകുമാർ മേനോനൊപ്പം ഞാനുണ്ടായിരുന്നു. ആ സിനിമയെക്കുറിച്ചുള്ള എല്ലാം ഹൈപ്പ് ഉണ്ടാക്കി. സിനിമ വിജയിച്ചു. മാർക്കറ്റിംഗ് ഇല്ലായിരുന്നെങ്കിൽ അത്രയും നമ്പർ കലക്ഷൻ കിട്ടില്ലായിരുന്നു. പ്രൊഡ്യൂസർക്ക് സിനിമ ലാഭകരമാണെന്നാണ് ഞാൻ അറിഞ്ഞത്. അത് മാർക്കറ്റിംഗ് കൊണ്ടാണ്സാധിച്ചത്. അണിയറയിൽ ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട്. ഒരുപാട് നെഗറ്റീവ് കാര്യങ്ങൾ സിനിമയ്ക്ക് പിന്നിൽ നടന്നിട്ടുണ്ടെന്നും വിവേദ് രാമദേവൻ പറഞ്ഞു.
സിനിമയെക്കുറിച്ച് അനാവശ്യമായി വലിയ വാദങ്ങൾ ഉന്നയിക്കുന്നത് തിരിച്ചടിയുണ്ടാക്കും. ഇനി ശ്രീകുമാർ മേനോൻ അങ്ങനെ പറയില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. സംഘടിത സൈബർ ആ ക്രമണത്തെ അതിജീവിച്ച സിനിമയാണ് ഒടിയനെന്ന് ഒരിക്കൽ ശ്രീകുമാർ മേനോൻ തന്നെ പറഞ്ഞിട്ടുണ്ട്. ഒടിയന് ശേഷം മോഹൻലാൽ തന്നെ ചേർത്ത് നിർത്തിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഒടിയൻ എന്ന ചിത്രം എടുത്തിരിക്കുന്നത്. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവനവും വാർദ്ധക്യവും അവതരിപ്പിക്കുന്ന ചിത്രത്തിൽ, 65 വയസ്സുള്ള മാണിക്യനായാണ് മോഹൻലാൽ ആദ്യം അഭിനയിച്ചത്.
ചെറുപ്പക്കാരനായ മാണിക്യനെ അവതരിപ്പിക്കുന്നതിനായി അദ്ദേഹത്തിനു ചില രൂപമാറ്റങ്ങൾ നടത്തേണ്ടതായി വന്നു. ഫ്രാൻസിൽ നിന്നുള്ള 25 വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ പ്രത്യേക വ്യായാമമുറകളും ആഹാര രീതികളും ആണ് അദ്ദേഹം സ്വീകരിച്ചത്. ശരീരഭാരം വളരെയധികം കുറഞ്ഞ മോഹൻലാലിന്റെ കഥാപാത്രത്തിനു വേണ്ട രൂപമാറ്റം കണ്ട് ആരാധകർ തന്നെ അമ്പരന്നു പോയി. മാത്രവുമല്ല, ഈ രൂപത്തിലുള്ള മോഹൻലാലിന്റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയുമാണ് ലഭിച്ചത്.