Social Media
തന്റെ പ്രിയപ്പെട്ട സ്ഥലമായ തായിലാന്റിലേയ്ക്ക് തിരിച്ചെത്തി വിസ്മയ മോഹൻലാൽ; വൈറലായി ചിത്രങ്ങൾ
തന്റെ പ്രിയപ്പെട്ട സ്ഥലമായ തായിലാന്റിലേയ്ക്ക് തിരിച്ചെത്തി വിസ്മയ മോഹൻലാൽ; വൈറലായി ചിത്രങ്ങൾ
പ്രായഭേദമന്യേ മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്. എന്നാൽ മലയാളികൾക്ക് അത്ര സുപരിചിതയല്ല വിസ്മയ.
വളരെ വിരളമായി ചില ഫങ്ഷനുകൾക്ക് കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെട്ടപ്പോൾ മാത്രമാണ് വിസ്മയ ക്യാമറ കണ്ണുകളിൽ ഉൾപ്പെട്ടിട്ടുള്ളത്. വിദേശത്താണ് വിസ്മയ പഠിച്ചതും ജീവിതം ചിലവഴിക്കുന്നതും. അച്ഛനെപ്പോലെ സകലകലവല്ലഭയായ വിസ്മയ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന കാര്യം ചിത്രരചയും എഴുത്തും യാത്രകളുമാണ്. യാത്രകളിൽ മിക്കപ്പോഴും കൂട്ട് സഹോദരൻ പ്രണവ് തന്നെയായിരിക്കും.
സോഷ്യൽമീഡിയയിൽ ആക്ടീവാണെങ്കിലും സ്വന്തം ചിത്രങ്ങളെക്കാൾ കൂടുതൽ തന്റെ പെറ്റ്‌സിന്റെ ചിത്രകളും തന്റെ കലാ സൃഷ്ടിക്കളുമാണ് വിസ്മയ പങ്കിടാറുള്ളത്. ഇപ്പോഴിതാ താരപുത്രി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. താൻ ഇപ്പോൾ എവിടെയാണ് ഉള്ളത് എന്നാണ് താരപുത്രി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറയുന്നത്.
ആദ്യം പങ്കുവച്ചത് ഒരു വിമാന യാത്രയുടെ ഫോട്ടോയായിരുന്നു. പിന്നാലെ പങ്കുവച്ച സെൽഫി ചിത്രത്തിലാണ് താൻ ഇപ്പോൾ എവിടെയാണെന്ന് വിസ്മയ പറയാതെ പറയുന്നത്. വിസ്മയയുടെ പ്രിയപ്പെട്ട സ്ഥലമായ തായിലാന്റിൽ ആണ് താരപുത്രിയുള്ളത്. തായിലാന്റിന്റെ പതാകയുടെ സ്റ്റിക്കറിനൊപ്പമാണ് വിസ്മയയുടെ സെൽഫി.
കേരളം കഴിഞ്ഞാൽ വിസ്മയയ്ക്ക് ഏറെ ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണ് തായാലാന്റ്. വിസ്മയ അവിടെയാണ് പഠിച്ചതും കൂടുതൽ നാൾ ചെലവഴിച്ചതും. ഇവിടെ നിരവധി സുഹൃത്തുക്കളും വിസ്മയയ്ക്കുണ്ട്. ദിവസങ്ങൾക്ക് മുൻപ് തായിലാന്റിന്റെ മാർഷ്യൽ ആട്‌സ് പ്രാക്ടീസ് ചെയ്യുന്ന ഒരു വീഡിയോയ്‌ക്കൊപ്പം മിസ്സ് ചെയ്യുന്നു എന്ന് വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തായിലാന്റിൽ എത്തിയിരിക്കുന്നത്.
ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയാണ് മായ എന്ന് വിളിപ്പേരുള്ള വിസ്മയ. യാത്രകളിലും മറ്റുമെല്ലാം എഴുതിവെച്ച കവിതകളുടെ സമാഹാരമാണ് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്. ഇപ്പോൾ അതിന്റെ രണ്ടാം പതിപ്പ് എഴുതുന്ന തിരക്കിലാണ് താരപുത്രി. അതിനൊപ്പം യാത്രകളും ചിത്ര രചനകളുമൊക്കെയുണ്ട്. എഴുത്തും വായനയും വരകളും യാത്രകളും മാർഷ്യൽ ആട്‌സും ക്ലേ ആർട്ടുകളുമൊക്കെയാണ് വിസ്മയയുടെ ഇഷ്ട വിനോദങ്ങൾ.
അടുത്തിടെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുത്ത വിസ്മയയുടെ വീഡിയോ വൈറലായിരുന്നു. ഇഷ്ടഗായകന്റെ സംഗീതപരിപാടി കാണാനെത്തി ആവേശം കൊണ്ട് തുള്ളിച്ചാടുന്ന സുചിത്ര മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് വിസ്മയ തന്നെയായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും അച്ഛന്റെയും ചേട്ടന്റെയും സിനിമകളെല്ലാം വിസ്മയ കാണുകയും അഭിപ്രായങ്ങൾ കൃത്യമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്.
അടുത്തിടെ പ്രണവിന്റെ വർഷങ്ങൾക്കുശേഷം എന്ന സിനിമ റിലീസായപ്പോൾ ചിത്രം രണ്ടുവട്ടം കണ്ടെന്നും ഏറെ മനോഹരമായ സിനിമയാണെന്നും വിസ്മയ കുറിച്ചിരുന്നു. പ്രണവ് മോഹൻലാലിനെ ടാഗും ചെയ്തിരുന്നു. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും.
പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. വളരെ അപൂർവമായി മാത്രം നാട്ടിലെത്താറുള്ള താരത്തിന്റേതായി പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റാറുള്ളത്.സിനിമാ ജീവിതം തുടങ്ങി വർഷങ്ങൾ ഇത്ര കടന്ന് പോയിട്ടും ഇന്നേവരെ ഒരു അഭിമുഖത്തിലും പ്രണവ് പ്രത്യക്ഷപ്പെട്ടിട്ടില്ല.