തന്റെ പുതിയ ചിത്രം ‘മാര്‍ക്ക് ആന്റണി’ സെന്‍സര്‍ ചെയ്യാന്‍ വേണ്ടി ആറര ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടി വന്നതിനെ കുറിച്ച് നടന്‍ വിശാല്‍ നടത്തിയ വെളിപ്പെടുത്തല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സംഭവത്തില്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
തന്റെ പരാതിയില്‍ ഉടനടി നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ എന്നിവര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് വിശാല്‍ ഇപ്പോള്‍. മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് സെന്‍സര്‍ ചെയ്യാനായാണ് വിശാലിന് ആറര ലക്ഷം കൈക്കൂലി നല്‍കേണ്ടി വന്നത്.
മുംബൈ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച സുപ്രധാന വിഷയങ്ങളില്‍ അടിയന്തരനടപടികള്‍ സ്വീകരിച്ചതിന് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തോട് നന്ദി പറയുന്നുവെന്ന് വിശാല്‍ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
അഴിമതിക്കാരോ അഴിമതി നടത്താന്‍ ഉദ്ദേശിക്കുന്നവരോ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതൊരു ഉദാഹരണമായി എടുക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരായ വഴിയിലൂടെ രാജ്യത്തെ സേവിക്കണമെന്നും അഴിമതിയുടെ പടവുകള്‍ തിരഞ്ഞെടുക്കരുതെന്നും വിശാല്‍ കുറിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ എന്നിവരോടുള്ള നന്ദിയും വിശാല്‍ പ്രകടിപ്പിക്കുന്നുണ്ട്. അഴിമതിക്ക് ഇരയായ ആളുകള്‍ക്ക് നീതി ലഭിക്കുമെന്നത് തന്നെപ്പോലുള്ള ഒരു സാധാരണക്കാരന് സംതൃപ്തി നല്‍കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വിശാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.