Connect with us

ജയറാമിൻ്റെ വിവാഹം കാരണം പ്രതിസന്ധിയിലായ മലയാള സിനിമ !

Malayalam Breaking News

ജയറാമിൻ്റെ വിവാഹം കാരണം പ്രതിസന്ധിയിലായ മലയാള സിനിമ !

ജയറാമിൻ്റെ വിവാഹം കാരണം പ്രതിസന്ധിയിലായ മലയാള സിനിമ !

മലയാള സിനിമ ഒരുകാലത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി നടന്‍ ജയറാമിന്റെ വിവാഹമായിരുന്നുവെന്ന് നിരീക്ഷിച്ച്‌ കോളമിസ്റ്റായ ശ്രീഹരി ശ്രീധരന്‍. ജയറാമിനെ വിവാഹം കഴിപ്പിക്കാനുള്ള ഉദ്യമത്തില്‍ സംവിധായകന്‍ രാജസേനന്‍ ആയിരുന്നു പ്രധാന പങ്കാളിയെന്നും ശ്രീഹരി പറയുന്നു. ജയറാം അവതരിപ്പിച്ച കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഫേസ്ബുക്കിലൂടെയുള്ള ശ്രീഹരിയുടെ രസകരമായ നിരീക്ഷണം.

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനനും, സംവിധായകന്‍ സത്യന്‍ അന്തിക്കാടും, ലോഹിതദാസും പദ്മരാജന്‍ പോലും ജയറാമിനെ ‘ബാച്ചിലര്‍ ലൈഫി’ല്‍ നിന്നും രക്ഷപ്പെടുത്താന്‍ രംഗത്തുണ്ടായിരുന്നു എന്നും ശ്രീഹരി പറയുന്നു. പത്തിരുപത് വര്‍ഷം ജയറാം ഇങ്ങനെ ഒറ്റാന്തടിയായി തുടര്‍ന്നത് തന്നെ പ്രശ്നത്തിന്റെ ഗൗരവമാണ് വ്യക്തമാക്കുന്നതെന്നും ശ്രീഹരി കണ്ടെത്തി.

ജയറാമിന്റെ ആ അവസ്ഥ കാരണം ശരിക്കും പെട്ടുപോയത് മാമുക്കോയയും, ഇന്ദ്രന്‍സും ജഗതിയുമൊക്കെയാണ്. ശ്രീഹരി പറയുന്നു. ജയറാമിന്റെ വേണ്ടി ഇവരെല്ലാം കഴിച്ച മധുരപലഹാരങ്ങള്‍ക്കും ചായയ്ക്കും ഒരു കണക്കുമില്ല. പ്രമേഹം വന്ന് ഇവര്‍ക്കൊന്നും പറ്റാതിരുന്നത് ഭാഗ്യമായാണ് ശ്രീഹരി കണക്കാക്കുന്നത്. ഏതായാലും ജയറാമിനെ പെണ്ണ് കെട്ടിക്കാനുള്ള ഈ നടപ്പ് കാരണം മാമുക്കോയയും ഇന്ദ്രന്‍സും സാമ്ബത്തിക ഭദ്രത നേടിയത് ശ്രീഹരിക്ക് ആശ്വാസം നല്‍കുന്നുണ്ട്. ഏതായാലും ഹാസ്യമധുരമുള്ള ശ്രീഹരിയുടെ കുറിപ്പ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാണ്.

ശ്രീഹരി ശ്രീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ജയറാമിനെ വിവാഹം കഴിപ്പിച്ച് അയക്കുക എന്നതായിരുന്നു ഒരു കാലത്ത് മലയാളസിനിമ നേരിട്ട ഗുരുതരമായ പ്രതിസന്ധികളിൽ ഒന്ന്. രാജസേനൻ ആയിരുന്നു ഇതിന്റെ ഉത്തരവാദിത്വം ഏറ്റവും കൂടുതൽ ഏറ്റെടുക്കേണ്ടി വന്നത്. എങ്കിലും ശ്രീനിവാസൻ , സത്യൻ അന്തിക്കാട്, ലോഹിതദാസ് മുതലായി മറ്റു പലരെയും ഈ പ്രശ്നം കാലങ്ങളോളം വേട്ടയാടി. ആദ്യകാലത്ത് സ്ഥലത്തെ പ്രധാന ഗുണ്ടകളുടെ പെങ്ങളെ കേറി കെട്ടിക്കളയും എന്ന് നാട്ടുകാരുടെ മുമ്പിൽ വെച്ച് വീമ്പിളക്കിയതൊക്കെ ആയിരുന്നു കുഴപ്പത്തിന് കാരണം. അതോടെ ഇവനെ കെട്ടിച്ച് വിടുന്നത് നാട്ടുകാരുടെ കൂടെ ബാധ്യതയായി മാറി. പത്തിരുപത് വർഷങ്ങളോളം ആ ബാധ്യത നാട്ടുകാരെ വിട്ടൊഴിഞ്ഞില്ല എന്നറിയുമ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം നമ്മൾ ചിന്തിക്കേണ്ടത്.

പത്മരാജനും മറ്റും ഇത്തരം പ്രശ്നങ്ങളിൽ തലയിടാൻ ആഗ്രഹിച്ചിരുന്നില്ല എന്ന് തോന്നുന്നു. അയാളൊക്കെ മറ്റൊരു വഴിയെ സിനിമകളും ആയി പോയതോടെ ജയറാമിന്റെ വിവാഹം വലിയ പ്രശ്നമായി മാറുകയും വിവാഹാലോചനകൾ എങ്ങുമെത്താതെ പോവുകയും ചെയ്യുകയായിരുന്നു. ഒന്നാമത് വളരെ യാഥാർത്ഥ്യബോധമില്ലാത്ത കണ്ടീഷനുകൾ ആണ് ജയറാം മുന്നോട്ട് വെയ്ക്കുക. ആള് എട്ടാം ക്ലാസും ഗുസ്തിയും കവലച്ചട്ടമ്പിത്തരവും പ്രായം പത്തിരുപത്തെട്ട് കഴിഞ്ഞിട്ടും അമ്മേടെ പൊന്നുമോനും ആയി നടപ്പാണെങ്കിലും വധു ഡോക്ടർ തന്നെ വേണം എന്നൊക്കെ നിർബന്ധം പിടിച്ചാൽ നടക്കുവോ.വെറുതെ ആണോ തീരുമാനം ഒന്നുമാകാതെ പെണ്ണുകാണൽ മാത്രം ഇങ്ങനെ നീണ്ടുപോയ്ക്കൊണ്ടിരുന്നത്.

കുറച്ച് കഴിഞ്ഞപ്പോൾ പിന്നെ കാണാൻ പോയ പെണ്ണിന് വേറെ പയ്യനുമായി പ്രേമമുണ്ട് മുതലായ സാങ്കേതികപ്രശ്നങ്ങളിൽ ഒക്കെ കിടന്ന് കല്യാണം നടക്കാതായിത്തുടങ്ങി. സ്വാഭാവികം ഒന്നാമതേ ചെക്കന് വയസ് കൂടിക്കൂടി വരുന്നു. ഇപ്പഴത്തെ പിള്ളേർക്കൊക്കെ പ്രേമവും മറ്റും കാണാതിരിക്കുമോ. ഇയാൾക്ക് പെണ്ണ് കിട്ടിയിട്ടില്ല എന്ന് കരുതി നാട്ടിലെ പെമ്പിള്ളേർക്ക് പ്രേമിക്കാതിരിക്കാൻ പറ്റുമോ. ഇയാളെന്തുവാഡേ ഒരുമാതിരി പിള്ളേരെ പോലെ. പെമ്പിള്ളേരാവുമ്പോ ഒന്നു രണ്ടോ പ്രേമമൊക്കെ ചെറുപ്പകാലത്ത് ഉണ്ടായെന്നിരിക്കും. അതിപ്പൊ ചെക്കനും കുറവുകൾ ഒക്കെ ഇല്ലേ. അതവരു കണ്ടില്ലാന്ന് നടിക്കുന്നില്ലേ?

എന്തായാലുംഇതോടെ കുടുങ്ങിയത് ജഗതിയും ഇന്ദ്രൻസും മാമുക്കോയയും ഒക്കെയാണ്. എത്രയെത്ര നാടുകളിൽ വീടുകളിൽ എത്രയെത്ര സിനിമകളിൽ ജയറാമിന് പെണ്ണന്വേഷിച്ച് നടപ്പ് തന്നെ. ഇങ്ങനെ ലഡുവും തിന്ന് പാൽച്ചായയും കുടിച്ച് നടന്നിട്ടും മാമുക്കോയക്കും ഇന്ദ്രൻസിനും ഷുഗറിന്റെ അസുഖം ഒന്നും വന്നില്ലെങ്കിൽ തന്നെ ഭാഗ്യമെന്ന് കണ്ടാൽ മതി. അതിനിയാക്കുണ്ടോ മറ്റുള്ളവരെപ്പറ്റി ചിന്ത.

അങ്ങനെ അമ്പതും എഴുപതും പെണ്ണ് കാണലുകൾ പലവഴിക്ക് മുടങ്ങിപ്പോയതോടെ ജയറാമിന്റെ അബോധമനസിനും ചില്ലറ പ്രശ്നങ്ങൾ ആരംഭിച്ചു എന്ന് കരുതണം. പിന്നെപ്പിന്നെ പെണ്ണുകാണാൻ പോയിക്കഴിഞ്ഞാൽ എന്തെങ്കിലും റിഡിക്കുലസ് ആയ കാരണങ്ങൾ ഒക്കെ പറഞ്ഞ് സ്വയം മുടക്കുക എന്നതായി പരിപാടി. പെണ്ണിന് ക്ലാരയൂടെ അത്ര മുടിയില്ല, റോസിയുടെ അത്ര നെറമില്ല, പെണ്ണിന്റെ വീട്ടിൽ നിന്നും കിട്ടിയ ലഡുവിൽ മുന്തിരി ഇല്ലായിരുന്നു, പെണ്ണിന്റെ വകയിലൊരമ്മാവൻ നിയോലിബറൽ അല്ല എന്നൊക്കെ കാരണങ്ങൾ ഉണ്ടാക്കി പറഞ്ഞ് സ്വയം ഒഴിഞ്ഞ് മാറൽ. എന്തുവാഡേ ഇത്. വല്ല നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡറിന്റെ ആരംഭമോ മറ്റോ ആണോ?

എന്തേലും ആട്ടെ, ബ്രോക്കറേജും മറ്റുമായി മാമുക്കോയക്കും ഇന്ദ്രൻസിനും ഒക്കെ സാമ്പത്തികഭദ്രത ഇക്കാലത്ത് ഉണ്ടായി എന്നത് മാത്രമാണ് ആക്കെ ഒരു പോസിറ്റീവ് ഘടകം.

ഇതിനിടയിൽ വട്ടിപ്പലിശയും കൊള്ളരുതായ്മയും കള്ളുകുടിയും ഒക്കെ ആയിക്കഴിഞ്ഞവന്റെ കല്യാണം നടക്കില്ല എന്ന് തോന്നിയെങ്കിലും രണ്ടായിരങ്ങളുടെ പകുതിയോടെ അതങ്ങ് സംഭവിക്കുകയായിരുന്നു. എന്നാൽ അത് കൊണ്ടുണ്ടോ പ്രശ്നങ്ങൾ തീരുന്നു. സത്യത്തിൽ സത്യൻ അന്തിക്കാടിനൊക്കെ പ്രശ്നങ്ങൾ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ.

കെട്ടിക്കഴിഞ്ഞപ്പോൾ പിന്നെ ഭാര്യയെ ദ്രോഹിക്കുക എന്നതായി ഇയാൾടെ സ്ഥിരം പരിപാടി. ഭാര്യ അത്ര പോരാ എന്നൊരു തോന്നൽ. പിന്നെ പുച്ഛം. പരിഹാസം. സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് പീഢിപ്പിക്കൽ. അവന്റൊരഹങ്കാരം. ഒരുപാട് കാലം കഷ്ടപ്പെട്ട് നടന്നിട്ടാണ് ഇവനൊക്കെ പെണ്ണ് കിട്ടിയത് തന്നെ. എന്നിട്ട് കിട്ടിക്കഴിഞ്ഞപ്പോ ലോകത്തുള്ള സകല പെണ്ണുങ്ങളോടും പുച്ഛം. ഭാര്യമാരെക്കൊണ്ടൊന്നും ലോകത്ത് ഒരു പ്രയോജനവുമില്ല എന്നൊക്കെ ആയി ലൈൻ. ഇവനെ ഒക്കെ കെട്ടിച്ച് വിടാൻ മെനക്കെട്ട് നടന്നവരെ പറഞ്ഞാൽ മതിയല്ലോ.

viral facebook post about jayaram

More in Malayalam Breaking News

Trending

Recent

To Top