എന്റെ പ്രേമമൊക്കെ ഭയങ്കര ഫ്ലോപ്പാണ്; എനിക്ക് തോന്നിക്കഴിഞ്ഞാൽ സമയമെടുത്ത് മനസ്സിലാക്കുന്ന പരിപാടിയൊന്നുമില്ല. അപ്പോൾ തന്നെ ഇഷ്ടമാണെന്ന് പറയും’; വിന്‍സി അലോഷ്യസ്
നായിക നായകന്‍ എന്ന റിയാലിറ്റി ഷോ വഴി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് വിന്‍സി അലോഷ്യസ്. പിന്നീട് സിനിമകളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ജനഗണമന, സൗദി വെള്ളക്ക, കനകം കാമിനി കലഹം, ഭീമന്റെ വഴി തുടങ്ങിയ സിനിമകളിൽ വിൻസി അഭിനയിച്ചു. ചെറുതെങ്കിലും പ്രേക്ഷകരിലേക്കെത്താൻ പാകത്തിലുള്ള കഥാപാത്രങ്ങളാണ് വിൻസി ഇതുവരെ അഭിനയിച്ചിട്ടുള്ളത്. അതിനാൽ തന്നെ നടിക്ക് കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തന്നെ കരിയറിൽ തന്റേതായി ഒരിടവും പ്രേക്ഷകരെയും നേടാൻ സാധിച്ചു.
വിൻസി ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് രേഖ. ജിതിൻ ഐസക് തോമസാണ് സിനിമ സംവിധാനം ചെയ്തത്. സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേർസ് അവതരിപ്പിക്കുന്ന ചിത്രമാണ് രേഖ. ഉണ്ണി ലാലു ആണ് സിനിമയിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് വിൻസി. ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വിൻസി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പ്രണയത്തെക്കുറിച്ചാണ് വിൻസി സംസാരിച്ചത്.
എന്റെ പ്രേമമൊക്കെ ഭയങ്കര ഫ്ലോപ്പാണ്. എന്താണെന്നറിയില്ല. എനിക്ക് തോന്നിക്കഴിഞ്ഞാൽ സമയമെടുത്ത് മനസ്സിലാക്കുന്ന പരിപാടിയൊന്നുമില്ല. അപ്പോൾ തന്നെ ഇഷ്ടമാണെന്ന് പറയും’
‘പെട്ടെന്നുള്ള ചിന്തയും അതേ പ്രവൃത്തിയും. ക്ഷമ ഇല്ല. എടുത്ത് ചാട്ടം കൂടുതലാണ് . പ്രേമിക്കാൻ തോന്നുന്നു, മുൻ എക്സ്പീരിയൻസ് ഇല്ലെന്ന് കരുതിക്കോ പക്ഷെ നമ്മൾ ഇൻഫ്ലുവൻസ്ഡാവും, സിനിമയായിരിക്കും, എല്ലാവർക്കും പ്രേമമുണ്ട് നമുക്ക് വേണമെന്നതായിരിക്കാം’
ചിന്തിക്കാൻ പാടില്ല, പോയി പറയൂ എന്ന പരിപാടിയാണ്. ഇപ്പോൾ ഒരുപാട് മാറി,’ വിൻസി പറഞ്ഞു. ആദ്യമായി ഒരു സിനിമയുടെ ടൈറ്റിൽ റോളിലെത്തുന്നതിന്റെ സന്തോഷത്തിലും ടെൻഷനിലുമാണ് വിൻസി. കഴിഞ്ഞ ദിവസമാണ് സിനിമ റിലീസ് ചെയ്തത്. രേഖയിൽ ചെയ്ത ഒരു സീനിനെക്കുറിച്ചും വിൻസി സംസാരിച്ചു.
രേഖയിൽ ഒരു സീനുണ്ട്. ഞങ്ങൾക്ക് രണ്ട് പേർക്കും ഭയങ്കര ടഫ് ആയിരുന്നു. ആദ്യമായാണ് അങ്ങനെയൊന്ന് ചെയ്യുന്നത്. ഓൺസ്ക്രീൻ കെമിസ്ട്രി വേണമെങ്കിൽ ഓഫ് സ്ക്രീൻ കെമിസ്ട്രി വർക്കൗട്ട് ആവണമെന്ന ഒരു രീതിയുണ്ട്. പക്ഷെ അത് വേണ്ട, പ്രൊഫഷണലായി എങ്ങനെ ഡീൽ ചെയ്യുമെന്ന് നോക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു,’ വിൻസി അലോഷ്യസ് പറഞ്ഞു.
സംവിധായകൻ ലാൽ ജോസിൽ നിന്നും പഠിച്ച ഒരിക്കലും മറക്കാത്ത പാഠമെന്തെന്നും വിൻസി വ്യക്തമാക്കി. ‘ഒരിക്കലും തളർന്ന് പോവരുത്. സിനിമ ഹിറ്റായാലും ഫ്ലോപ്പായാലും സ്വപ്നങ്ങൾ പിന്തുടരുകയെന്നാണ് അദ്ദേഹത്തിൽ നിന്നും പഠിച്ചത്. പുള്ളിയുടെ ഫിലിം മേക്കിംഗ് പഴയതാണെന്ന കമന്റുകളുണ്ട്’
‘പുള്ളി അത് കറക്ട് ചെയ്യുന്നു. എല്ലാവരോടും ചോദിച്ച് ഇപ്പോഴത്തെ ജനറേഷന് പറ്റിയ സിനിമ എങ്ങനെ തയ്യാറാക്കുമെന്ന് പഠിക്കുന്നു’
നായികാ നായകൻ എന്ന അത്രയും വലിയ സ്റ്റേജിൽ പെർഫോമൻസ് ചെയ്തിട്ടും സിനമയിൽ ആദ്യം ചെയ്യുമ്പോൾ ഫ്ലോപ്പായിരുന്നു. എത്രയോ ടേക്ക് കഴിഞ്ഞാണ് ആത്മവിശ്വാസം വരുന്നത്. പേടിയാണ് പ്രശ്നം. പേടിയുണ്ടെങ്കിൽ മുഴുവനായും ഇമോട്ട് ചെയ്യാൻ പറ്റില്ലെന്നും വിൻസി വ്യക്തമാക്കി.