കടുത്ത ഡിപ്രഷനിലായിരുന്നു അച്ഛൻ അമ്മ കഴിയുന്ന വിധം അച്ഛനെ അതിൽ നിന്ന് പുറത്തു കൊണ്ടുവരാൻ ശ്രമിച്ചു;പക്ഷെ … വിനയ പ്രസാദിന്റെ മകൾ
മലയാളികള്‍ക്ക് ഇന്നും വിനയ പ്രസാദ് ശ്രീദേവിയാണ്. മണിച്ചിത്രത്താഴില്‍ ഗംഗയെ ചികിത്സിച്ച് ഭേദമാക്കാന്‍ സഹായിച്ച ഒരേ ഒരാള്‍, സണ്ണിയ്ക്ക് പ്രിയപ്പെട്ട ശ്രീദേവി. മണിച്ചിത്രത്താഴിന് മുന്‍പും ശേഷവും വിനയ പ്രസാദ് നിരവധി സിനിമകളില്‍ അഭിനയിച്ചുണ്ട് എങ്കിലും, പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിയ്ക്കുന്ന വേഷം ശ്രീദേവി തന്നെയാണ്. 1991 ൽ പുറത്തിറങ്ങിയ പെരുന്തച്ചൻ എന്ന സിനിമയിലൂടെയാണ് വിനയ മലയാളത്തിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധനേടാൻ വിനയക്ക് സാധിച്ചിരുന്നു.
മണിച്ചിത്രത്താഴിന് ശേഷം മലയാളത്തിൽ നിരവധി സിനിമകളിൽ വിനയ അഭിനയിച്ചിരുന്നു. ഏറ്റവും ഒടുവിലായി ഹെവൻ എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. മലയാളം, കന്നഡ ഭാഷകൾക്ക് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നടി തിളങ്ങിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞ് ആയ ശേഷം സിനിമയിലേക്ക് എത്തിയ താരമാണ് വിനയ പ്രസാദ്. വിവാഹത്തോടെ പല നായികമാരും സിനിമ വിടുന്ന സമയത്താണ് നടി തിളങ്ങി നിന്നത്.
നടനും സംവിധായകനും എഡിറ്ററും ഒക്കെയായ വിആര്‍കെ പ്രസാദ് ആയിരുന്നു വിനയയുടെ ആദ്യ ഭര്‍ത്താവ്. ഇദ്ദേഹം 1995 ൽ അന്തരിച്ചു. ഒരു മകളാണ് ഇവർക്ക് ഉള്ളത്. കഥക് നർത്തകിയായ പ്രഥമ പ്രസാദ് ആണ് മകൾ. വിആര്‍കെ മരണത്തിന് ശേഷം 2002 ൽ വിനയ ജ്യോതി പ്രകാശിനെ വിവാഹം കഴിച്ചിരുന്നു. മകൾക്കും ഭർത്താവിനും ഒപ്പം ബാംഗ്ലൂരിൽ ആണ് വിനയ ഇപ്പോൾ താമസിക്കുന്നത്.
ഇപ്പോഴിതാ, വിനയയുടെ മകൾ പ്രഥമ പ്രസാദ് അച്ഛന്‍ വിആര്‍കെ പ്രസാദിന്റെ മരണത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഒരു കന്നഡ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരപുത്രി അച്ഛന്റെ വിയോഗത്തെ കുറിച്ച് ഓർത്തത്. പ്രഥമയുടെ വാക്കുകൾ ഇങ്ങനെ
ഞാന്‍ കുഞ്ഞ് ആയിരുന്ന സമയത്ത് തന്നെ അമ്മ സിനിമയും സീരിയലുകളുമൊക്കെയായി തിരക്കിലായിരുന്നു. ആ തിരക്കിലും വീട്ടു കാര്യങ്ങളിലോ തന്റെ കാര്യങ്ങളിലോ അമ്മ ഒരു വീഴ്ചയും വരുത്തിയിരുന്നില്ലെന്നും മകൾ ഓർക്കുന്നു. ഷൂട്ടിങ് കഴിഞ്ഞ് വന്ന് പാചകം ചെയ്യുന്നതും എനിക്ക് ഭക്ഷണം വാരി തരുന്നതുമെല്ലാം അമ്മയാണ്. പുറത്ത് പോകുമ്പോൾ എല്ലാവരും വിനയ പ്രസാദിന്റെ മകൾ എന്ന് പറയുന്നത് സന്തോഷമായിരുന്നു. ഷൂട്ടിങ് സെറ്റിലൊക്കെ പോയിട്ടുണ്ട്.
വിവാഹ ശേഷം അമ്മ അഭിനയിക്കാന്‍ പോകുന്നതില്‍ അച്ഛൻ പൂര്‍ണ സന്തോഷവാനായിരുന്നു. ഒരു അഭിമുഖത്തിൽ അമ്മ അഭിനയിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത്, ‘ആദ്യം അവളൊരു മികച്ച കലാകാരിയാണ്, അതിന് ശേഷമാണ് എന്റെ ഭാര്യ’ എന്നാണ്. കല്യാണം കഴിഞ്ഞു എന്ന പേരിൽ അവളെ വീട്ടിൽ അടച്ചിടുന്നത് വലിയ ക്രൂരത ആണെന്നും അച്ഛൻ പറഞ്ഞതായി പ്രഥമ ഓർക്കുന്നു.
താൻ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. കടുത്ത ഡിപ്രഷനിലായിരുന്നു അച്ഛൻ. നല്ല രീതിയിൽ ജോലി ചെയ്തിട്ടും ശ്രദ്ധിക്കപ്പെടുന്നില്ല അവസരങ്ങൾ ലഭിക്കുന്നില്ല എന്നതായിരുന്നു ആളുടെ സങ്കടം. അത് പതിയെ കൂടി വന്നു. അച്ഛൻ ഡിപ്രഷനിലേക്ക് വീണു പോയി. ആ സമയത്ത് കുടുംബത്തെ കുറിച്ചോ തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ചോ ഒന്നും അച്ഛന് ചിന്തിക്കാന്‍ പറ്റിയിട്ടുണ്ടാവിലാവില്ലെന്നും വിനയയുടെ മകൾ പറയുന്നു
അമ്മ കഴിയുന്ന വിധം അച്ഛനെ അതിൽ നിന്ന് പുറത്തു കൊണ്ടുവരാൻ ശ്രമിച്ചു. ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ നോക്കി. പക്ഷെ നിര്‍ഭാഗ്യവശാല്‍ അച്ഛന് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. അതിന് കാരണമായത് അച്ഛന് പറഞ്ഞു വെച്ചിരുന്നു ഒരു വലിയ പ്രോജക്റ്റ് അവസാന നിമിഷം ശിഷ്യന് കൊടുത്തതാണ്. അത് അദ്ദേഹത്തിന് വലിയ ഷോക്ക് ആയി. അന്ന് അത് അച്ഛന് കൊടുത്തിരുന്നുവെങ്കില്‍ ഇന്നും അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നേനെ എന്നും മകള്‍ പറയുന്നു.
ആ സംഭവത്തിന് ശേഷം അച്ഛൻ ജീവിതം വെറുത്തു. മദ്യപാനം തുടങ്ങി. അതിന് അടിമപ്പെട്ടു. അമിത മദ്യപാനം കാരണം ആന്തരികാവയവങ്ങള്‍ക്ക് തകരാറ് സംഭവിച്ചിരുന്നു. വായില്‍ നിന്ന് രക്തം വന്നതൊക്കെ ഓർക്കുന്നു. ആ സമയത്ത് എല്ലാവരെയും അത്ഭുതപ്പെടുത്തിയത് അമ്മയാണ്. അച്ഛന്റെ എല്ലാ അവസ്ഥയിലും അമ്മ കൂടെ തന്നെ ഉണ്ടായിരുന്നു.
അവസാന നിമിഷം വരെ അച്ഛന്‍ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് അമ്മ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിധി അമ്മയെ തോല്‍പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛന്റെ മരണ വാര്‍ത്ത അറിഞ്ഞ് അമ്മ ബോധം കെട്ട് വീണു. അതെല്ലാം താൻ ഇന്നും ഓർക്കുന്നുണ്ടെന്ന് മകൾ പ്രഥമ പ്രസാദ് അഭിമുഖത്തിൽ പറഞ്ഞു.