News
റോളക്‌സിനായി ലോകേഷ് ആദ്യം സമീപിച്ചത് വിക്രത്തെ; കഥാപാത്രം ഉപേക്ഷിക്കാന്‍ വിക്രം പറഞ്ഞ കാരണം ഇത്
റോളക്‌സിനായി ലോകേഷ് ആദ്യം സമീപിച്ചത് വിക്രത്തെ; കഥാപാത്രം ഉപേക്ഷിക്കാന്‍ വിക്രം പറഞ്ഞ കാരണം ഇത്
ലോകേഷ് കനകരാജിന്റേതായി പുറത്തെത്തിയ കമല്‍ ഹസന്‍ ചിത്രമായിരുന്നു വിക്രം. ചിത്രത്തില്‍ സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും കയ്യടി നേടുകയും ചെയ്തിരുന്നു. എന്നാല്‍ കഥാപാത്രത്തിനായി ലോകേഷ് കനകരാജ് ആദ്യം സമീപിച്ചത് ചിയാന്‍ വിക്രത്തെയായിരുന്നുവെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വളരെ ചെറിയൊരു കഥാപാത്രമായതിനാല്‍ വിക്രം ആ വേഷം ഉപേക്ഷിക്കുകയായിരുന്നു. അതിന് പകരമായി വിക്രം 2വില്‍ വലിയൊരു മാസ് കഥാപാത്രം ചിയാനായി ലോകേഷ് കരുതിവച്ചിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.
വിക്രമിനു ശേഷം വിജയ്‌യെ നായകനാക്കി ഒരുക്കുന്ന ദളപതി 67 ന്റെ ചിത്രീകരണത്തിരക്കിലാണ് ലോകേഷ് കനകരാജ്. ഈ ചിത്രത്തിലേയ്ക്കും ചിയാന്‍ വിക്രത്തെ ലോകേഷ് സമീപിച്ചിരുന്നു. എന്നാല്‍ അതും വിക്രം വേണ്ടെന്നുവെച്ചതായാണ് വിവരം. പ്രമുഖ ട്രേഡ് അനലിസ്റ്റുകളും വാര്‍ത്ത ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, മാസ്റ്ററിനു ശേഷം വിജയ്‌യെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗം ആകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ആഴ്ച അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടും.
ഹോളിവുഡ് ചിത്രം ഹിസ്റ്ററി ഓഫ് വയലന്‍സില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥയെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മലയാളത്തില്‍ നിന്നും നിവിന്‍ പോളി, നസ്‌ലിന്‍ എന്നിവര്‍ ചിത്രത്തിന്റെ ഭാഗമായേക്കുമെന്നും ചില വിവരങ്ങളുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.
