News
രക്തത്തിനു മാത്രമാണ് പാവപ്പെട്ടവന്‍, പണക്കാരന്‍, ആണ്‍, പെണ്‍, ഉയര്‍ന്ന ജാതി, താഴ്ന്ന ജാതി, മതം എന്ന വേര്‍പാടുകള്‍ ഇല്ലാത്തത്; ആരാധകരോട് വിജയ്
രക്തത്തിനു മാത്രമാണ് പാവപ്പെട്ടവന്‍, പണക്കാരന്‍, ആണ്‍, പെണ്‍, ഉയര്‍ന്ന ജാതി, താഴ്ന്ന ജാതി, മതം എന്ന വേര്‍പാടുകള്‍ ഇല്ലാത്തത്; ആരാധകരോട് വിജയ്
പൊങ്കല്‍ റിലീസായി എത്തുന്ന വിജയ് ചിത്രം വാരിസിനായുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ വാരിസ് ഓഡിയോ ലോഞ്ചില്‍ ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് വിജയ്. 14 വര്‍ഷത്തിനു ശേഷം വിജയുടെ വില്ലനായി പ്രകാശ് രാജ് ആണ് ഈ ചിത്രത്തിലെത്തുന്നത്. മുത്തുപ്പാണ്ടി എന്ന ഗില്ലിയിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് വിളിച്ചാണ് വിജയ് വേദിയിലിരുന്ന പ്രകാശ് രാജിനെക്കുറിച്ച് വേദിയില്‍ സംസാരിച്ചത്.
വാരിസ് ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നറാണെന്നും ജീവിതത്തില്‍ മറക്കാനാകാത്ത സിനിമ സമ്മാനിച്ചതിന് സംവിധായകന്‍ വംശിക്കു നന്ദി പറയുന്നുവെന്നും വിജയ് പറഞ്ഞു. തന്റെ ആരാധക സംഘടനകളുടെ പേരില്‍ നടക്കുന്ന രക്തദാന ചടങ്ങുകളെക്കുറിച്ചും വിജയ് സംസാരിച്ചു.
‘ആപ് തുടങ്ങാന്‍ ഒരു പ്രത്യേക കാരണമുണ്ട്. രക്തത്തിനു മാത്രമാണ് പാവപ്പെട്ടവന്‍, പണക്കാരന്‍, ആണ്‍, പെണ്‍, ഉയര്‍ന്ന ജാതി, താഴ്ന്ന ജാതി, മതം എന്ന വേര്‍പാടുകള്‍ ഇല്ലാത്തത്. നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് മാത്രം മാച്ച് ആയാല്‍ മതി.
അല്ലാതെ രക്തം ദാനം ചെയ്യാന്‍ വരുന്നവന്റെ ജാതിയോ മതമോ ജാതകമോ ആരും ചോദിക്കാറില്ല. നമ്മള്‍ മാത്രമാണ് പല വിഭാഗങ്ങളായി പിരിഞ്ഞ് ജീവിക്കുന്നത്. രക്തത്തിന് ഇതൊന്നുമില്ല. ഈ വിശേഷതയാണ് രക്തത്തില്‍ നിന്നും പഠിക്കേണ്ടത്. അതുകൊണ്ടാണ് ഞാനിതൊക്കെ തുടങ്ങിയത്. ആറായിരം ഡോണര്‍മാര്‍ ഇപ്പോള്‍ ആപ്പില്‍ പങ്കു ചേര്‍ന്നു കഴിഞ്ഞു. ഇതിലൂടെ ഇപ്പോള്‍ രണ്ടായിരം പേര്‍ രക്തം ദാനം ചെയ്തു കഴിഞ്ഞു. എന്നും ‘വിജയ് പറയുന്നു.
തനിക്ക് ഒരു എതിരാളി ഉണ്ടെന്നും അയാളോടുള്ള മത്സരമാണ് തന്നെ വളര്‍ത്തിയതെന്നും വിജയ് അടുത്തിടെ പറഞ്ഞിരുന്നു. ‘ഇതും ഒരു കുട്ടിക്കഥയാണെന്ന് കരുതണം. 1990കളില്‍ എനിക്ക് എതിരാളിയായി ഒരു നടന്‍ രൂപപ്പെട്ടു. ആദ്യം ഒരു എതിരാളിയായിരുന്നു. പിന്നെപ്പിന്നെ അയാളോടുള്ള മത്സരം ഗൗരവമുള്ളതായി. അദ്ദേഹത്തിനേയും അദ്ദേഹത്തിന്റെ വിജയങ്ങളേയും ഞാന്‍ ഭയന്നു. ഞാന്‍ പോയ ഇടങ്ങളിലെല്ലാം അദ്ദേഹം വന്ന് നിന്നു.’
‘ഞാന്‍ ഇത്രയും വളരുന്നതിന് കാരണമായി നിലകൊണ്ടു. അദ്ദേഹത്തെ മറികടക്കണമെന്ന ആഗ്രഹത്തോടെ ഞാനും മത്സരിച്ചു കൊണ്ടേയിരുന്നു. അതുപോലെ മത്സരിക്കാന്‍ പറ്റിയ ഒരാള്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകണം. ആ മത്സരാര്‍ത്ഥി ഉണ്ടായ വര്‍ഷം 1992. അയാളുടെ പേര് ജോസഫ് വിജയ്.’
‘ജയിക്കണമെന്ന വാശിയുള്ളവര്‍ക്ക് ഉള്ളില്‍ എപ്പോഴും ഒരു എതിരാളി ഉണ്ടായിരിക്കണം. അയാള്‍ നിങ്ങള്‍ തന്നെയായിരിക്കണം. വേറൊരാളെ എതിരാളിയായി കാണേണ്ട ആവശ്യമേയില്ല. നിങ്ങള്‍ നിങ്ങളോട് തന്നെ പൊരുതണം. അതു മാത്രമേ നിങ്ങളെ മികച്ചവനാക്കൂ’ എന്നാണ് വിജയ് പറഞ്ഞത്.
