Actor
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി വിജയ്!
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി വിജയ്!
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താരത്തിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയിരിക്കുകയാണ് നടൻ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിജയ് പാർട്ടി പ്രഖ്യാന സമയത്ത് തന്നെ പറഞ്ഞിരുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമപുരി മണ്ഡലത്തിൽ നിന്നാകും നടൻ മത്സരിക്കുകയെന്നാണ് വിവരം.
ടിവികെ ധർമപുരി ജില്ലാ പ്രസിഡന്റ് ശിവയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ധർമപുരിയിൽ നിന്ന് മത്സരിക്കണമെന്ന് താൻ വിജയ്‌യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അംഗീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ധർമപുരിയിൽ നടന്ന ടിവികെ ജില്ലാ അറ്റോർണിമാരുടെ യോഗത്തിൽ ആണ് ശിവ സംസാരിച്ചത്.
‘ധർമപുരിയിലെ 5 മണ്ഡലങ്ങളിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ വിജയ് മത്സരിക്കും. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് വിജയ് ഉറപ്പുനൽകിയിട്ടുണ്ട്. വൻ ഭൂരിപക്ഷത്തിൽ അദ്ദേഹത്തെ വിജയിപ്പിക്കണം എന്നുമാണ് ശിവ പറഞ്ഞിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പാർട്ടിയുടെ താരത്തിന്റെ തമിഴക വെട്രി കഴകം പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം. നിരവധി പേരാണ് സമ്മേളന വേദിയിൽ എത്തിയത്. ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയോരത്ത് 86 ഏക്കർ സ്ഥലത്തായിരുന്നു സമ്മേളനം. നൂറോളം പേർ സമ്മേളന നഗരിയിൽ കുഴഞ്ഞു വീണിരുന്നു.
ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം പാർടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗീകാരം നൽകിയിരുന്നു. ആഗസ്തിൽ തമിഴക വെട്രി കഴകത്തിന്റെ പാതകയും ഗാനവും അവതരിപ്പിച്ചിരുന്നു. അതേസമയം തന്റെ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ അണിയറപ്രവർത്തനങ്ങളിലാണ് നടൻ.
എച്ച്. വിനോദാണ് ചിത്രത്തിന്റെ സംവിധാനം. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ് സിനിമ എന്നാണ് സൂചന. ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേയേക്കെത്തുമെന്നും വിവരമുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോളും പൂജാഹെഡ്ഗെയും പ്രിയാമണിയും മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.