Movies
‘അവസാനമായി ഒരിക്കൽക്കൂടി’.., വിജയ്‌യുടെ അവസാന ചിത്രത്തിന്റെ പ്രഖ്യാപനം ശനിയാഴ്ച!
‘അവസാനമായി ഒരിക്കൽക്കൂടി’.., വിജയ്‌യുടെ അവസാന ചിത്രത്തിന്റെ പ്രഖ്യാപനം ശനിയാഴ്ച!
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താരത്തിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.
ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അറിയിച്ചത്. തന്റെ 69ാം ചിത്രത്തോടെ അഭിനയം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേയ്ക്ക് ശ്രദ്ധ കൊടുക്കാനാണ് വിജയുടെ തീരുമാനം. ഈ വേളയിൽ വിജയ്‌യുടെ അവസാനചിത്രം ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന വിവരമാണ് പുറത്തെത്തുന്നത്.
ഇതിന് മുന്നോടിയായി താരത്തിന് ആദർമർപ്പിച്ചുകൊണ്ടുള്ള വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ. ചിത്രത്തിന്റെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻ ആണ് ദ ലവ് ഫോർ ദളപതി എന്ന പേരിൽ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വൈകാരികമായ വീഡിയോയിൽ ആരാധകർ വിജയെ കുറിച്ച് പറയുന്ന ഓർമ്മകളാണ് കോർത്തിണക്കിയിരിക്കുന്നത്.
വിജയ്‌യുടെ അവസാനചിത്രമായിരിക്കും ദളപതി 69 എന്ന് സൂചിപ്പിക്കാൻ ‘അവസാനമായി ഒരിക്കൽക്കൂടി’ എന്ന വാചകവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തെത്തിയിട്ടില്ല. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
നിങ്ങളുടെ സിനിമകൾക്കൊപ്പമായിരുന്നു ഞങ്ങൾ വളർന്നത്. ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു നിങ്ങൾ. കഴിഞ്ഞ 30 വർഷത്തിലേറെയായി ഞങ്ങളെ രസിപ്പിച്ചതിന് നിങ്ങളോട് ഒരുപാട് നന്ദിയുണ്ട് ദളപതി- എന്നായിരുന്നു നിർമാതാക്കൾ വീഡിയോ പങ്കുവെച്ച് കുറിച്ചിരുന്നത്.
അനിരുദ്ധ് സംഗീതസംവിധാനം നിർവഹിക്കുന്ന ദളപതി 69 ന്റെ സംവിധായകൻ എച്ച് വിനോദ് ആയിരിക്കും എന്നും വിവരമുണ്ട്. എന്നാൽ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ശനിയാഴ്ചത്തെ പ്രഖ്യാപനത്തിലാണ് പുറത്തെത്തുക. ആരാദകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
അതേസമയം ദ ഗോട്ട് ആണ് വിജയുടേതായി പുറത്തെത്തിയ ചിത്രം. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമയിൽ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്.
അതേസമയം, കേരളത്തിൽ മാത്രം ചിത്രത്തിന് 700ലധികം സ്‌ക്രീനുകളിലായ് 4000ലധികം ഷോകളാണ് ആദ്യദിനം നിശ്ചയിച്ചിരിക്കുന്നത്. പുലർച്ച നാലു മുതൽ ഫാൻസ് ഷോ ആരംഭിച്ചിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഗോട്ട് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. നേരത്തെ വിജയ്‌യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.